ജൂണ്‍ 30നകം അര്‍ധവാര്‍ഷിക സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ യുഎഇ
യുഎഇയിലെ സ്വകാര്യ കമ്പനികള്‍ ജൂണ്‍ 30നകം തങ്ങളുടെ അര്‍ധവാര്‍ഷിക സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. 50 ശതമാനം ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ രണ്ടു ശതമാനം സ്വദേശിവല്‍ക്കരണം നടത്തണമെന്നാണ് നിയമം. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂര്‍ത്തിയാക്കണം.
ഇത്തരം സ്ഥാപനങ്ങള്‍ സമയപരിധിക്ക് മുമ്പ് 1 ശതമാനം വര്‍ധിപ്പിച്ചിരിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം പറഞ്ഞു. ഈ ദിവസത്തിനകം സ്വദേശിവല്‍ക്കരണം നടത്തിയില്ലെങ്കില്‍ ജൂലായ് 1 മുതല്‍ മന്ത്രാലയം കമ്പനികളെ നിരീക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്യും.
രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ സ്വദേശികളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത്. പദ്ധതി വന്‍ വിജയമാണെന്നാണ് അധികൃതരുടെ വിശദീകരണം.
ഇതുവരെ, 97,000ലധികം സ്വദേശികള്‍ രാജ്യത്ത് 20,000ലധികം സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 14 പ്രത്യേക സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 2049 ജീവനക്കാരുള്ള 12,000ലധികം കമ്പനികള്‍ക്ക് 2024ലും 2025ലും ഒരു സ്വദേശിയെയെങ്കിലും നിയമിക്കേണ്ടതുണ്ട്.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ സ്വദേശികളായ യുവതീ യുവാക്കളുടെ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഫെഡറല്‍ സംരംഭമായ നഫീസ് പദ്ധതി സര്‍ക്കാര്‍ ആരംഭിച്ച 2021 സെപ്തംബര്‍ മുതല്‍ സ്വകാര്യ മേഖലയിലെ മൊത്തം സ്വദേശികളായ ജീവനക്കാരുടെ എണ്ണം ഏകദേശം 170 ശതമാനം എന്ന നിരക്കില്‍ വര്‍ധിച്ചു.
2022 പകുതി മുതല്‍ മെയ് 16 വരെ 2,170 യുഎഇ പൗരന്മാരെ നിയമവിരുദ്ധമായി നിയമിച്ചുകൊണ്ട് സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ മറികടന്ന 1,379 കമ്പനികള്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. ലംഘനം നടത്തിയ കമ്പനികള്‍ക്ക് പിഴ ചുമത്തി, അവരുടെ റേറ്റിംഗുകള്‍ തരംതാഴ്ത്തി, അവരുടെ ഫയലുകളില്‍ ചിലത് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."