എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി
തൃശൂര്‍: എം.എസ്.എഫിന്റെ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി. പടിഞ്ഞാറക്കോട്ടയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ലയില്‍ നിന്നെത്തിയ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഓണപ്പരീക്ഷയെത്തിയിട്ടും പാഠപുസ്തകമെത്തിക്കാത്ത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കനത്ത മുദ്രാവാക്യമുയര്‍ത്തിയ മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് ജില്ല വൈസ് പ്രസിഡന്റ് അഫ്‌സല്‍ യൂസുഫിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി വി.കെ അസീസ് ഉദ്ഘാടനം ചെയ്തു.
സര്‍ക്കാറിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നിരുത്തരവാദപരമായ സമീപനത്തെ തുറന്നുകാട്ടിയ അദ്ദേഹം ഈ വിഷയത്തില്‍ പൊതുസമൂഹത്തിന്റെ കൂടി ശ്രദ്ധയുണ്ടാവണമെന്നാവശ്യപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തൊട്ടതിനും പിടിച്ചതിനും സമരവുമായി രംഗത്തിറങ്ങി പൊലിസുകാരന്റെ ലാത്തിക്കുമുന്നില്‍ പുറം കാണിച്ചുകൊടുത്തിരുന്ന എസ്.എഫ്.ഐക്കാരന്‍ ഇപ്പോള്‍ എവിടെയാണെന്നദ്ദേഹം ചോദിച്ചു.
വിദ്യഭ്യാസ രംഗത്തെ അനാരോഗ്യപരമായ എല്ലാ പ്രവണതക്കുമെതിരെ എന്നും ശബ്ദിച്ച പാരമ്പര്യമാണ് എം.എസ്.എഫിനുള്ളത്. പഠിക്കുക, പഠിക്കുക എന്ന് പഠിപ്പിച്ച സി.എച്ചിന്റെ പിന്‍മുറക്കാര്‍ ഒരിക്കലും അനാവശ്യകാര്യങ്ങള്‍ക്ക് തെരുവിലിറങ്ങിയിട്ടില്ല.
ലാഭകരമല്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടില്ലെന്നും അവ ഏറ്റെടുക്കുമെന്നും പറഞ്ഞ സര്‍ക്കാര്‍ അതില്‍ നിന്നും പിന്നോട്ട് പോയതെന്തുകൊണ്ടാണ് വ്യക്തമാക്കണമെന്നും എയിഡഡ് വിദ്യാലയങ്ങള്‍ കോഴവാങ്ങിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഇത്തരക്കാര്‍ക്കെതിരെ എന്നും സമരം ചെയ്ത പാരമ്പര്യമാണ് എം.എസ്.എഫിനുള്ളതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.കെ അഫ്‌സല്‍, ജില്ല വൈസ് പ്രസിഡന്റ് അഫ്‌സല്‍ യൂസുഫ് അധ്യക്ഷനായി. ജില്ല ജനറല്‍ സെക്രട്ടറി ആഷിഖ് കടവല്ലൂര്‍ സ്വാഗതവും ഫസല്‍ തൃശൂര്‍ നന്ദിയും പറഞ്ഞു.
പടിഞ്ഞാറെക്കോട്ടയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ആര്‍.കെ സിയാദ്, അലി അക്ബര്‍ കാളത്തോട്, ഷബീര്‍ കടപ്പുറം, റിസ്‌വാന്‍ ഫിറോസ്, ശഫീഖ് ആസിം, മുഹമ്മദ് യഹ്‌യ, നസീറലി തങ്ങള്‍, ഹാരിസ് റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."