ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബിലകപ്പെട്ടും നാടണയാൻ കഴിയാതെ പ്രതിസന്ധിയിലായവർക്ക് ആരെയും ആശ്രയിക്കാതെ ഫൈനൽ ഏക്സിറ്റ് എങ്ങനെ ലഭിക്കും, അറിയാം
ദമാം: കാലാവധി കഴിഞ്ഞ ഇക്കാമയിലുള്ളവർക്കും ഹുറൂബുകാർക്കും ഫൈനൽ എക്സിറ്റ് ലഭിക്കാൻ സഊദി തൊഴിൽ മന്ത്രാലയം വഴിയുള്ള വർഷങ്ങളോളമായി നടന്നു വരുന്ന നടപടികൾ ഇപ്പോഴും തുടരുന്നു. ഓഫീസുകൾ കയറിയിറങ്ങാതെയും ഇടനിലക്കാരനെ ആശ്രയിക്കാതെയും തന്നെ ഇന്ത്യൻ എംബസിയും തൊഴിൽ മന്ത്രാലയവും സഹകരിച്ച് നടത്തുന്ന നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ http://eoiriyadh.gov.in എന്ന ലിങ്കിൽ റജിസ്ട്രേഷൻ പൂർത്തീകരിക്കുകയാണ് വേണ്ടത്.
രജിസ്ട്രേഷൻ കഴിഞ്ഞ അപേക്ഷകളാണ് ക്രമനമ്പറുകളനുസരിച്ച് ഇന്ത്യൻ എംബസി സഊദി തൊഴിൽ മന്ത്രാലയത്തിലേക്കയക്കുന്നത്. മുമ്പത്തേക്കാളേറെ ഇത്തരത്തിലുള്ള അപേക്ഷകളുടെ ആധിക്യവും നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും സ്വാഭാവികമായും പതിവിലേറെ അൽപം കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. പ്രത്യേകിച്ച് ഫീസോ മറ്റ് സാമ്പത്തിക ചെലവുകളോ ഇല്ലാതെ തന്നെ റജിസ്ട്രേഷൻ പൂർത്തീകരിച്ച് നമ്പർ ലഭിച്ചവർക്ക് മറ്റ് ഓഫീസുകളെയോ ഇടനിലക്കാരെയോ സഹായം തേടാതെ തന്നെ റജിസ്റ്റർ ചെയ്ത തൊഴിലാളിയുടെ മോബൈൽ നമ്പറിലേക്ക് ഫൈനൽ എക്സിറ്റ് ലഭിച്ചതായി അതാത് പ്രദേശങ്ങളിലെ ജവാസാത്തിൽ നിന്നും മെസേജ് ലഭിക്കുന്നതാണ്. ശേഷം ജവാസാത്തിൽ നേരിട്ട് ചെന്നോ അബ്ശിറിൽ നിന്നോ ഫൈനൽ എക്സിറ്റ് പ്രിൻ്റ് കരസ്ഥമാക്കാവുന്നതാണ്.
പലരും ഇടനിലക്കാരെ ബന്ധപ്പെട്ട് സാമ്പത്തിക നഷ്ടം സംഭവിച്ച് കബളിപ്പിക്കപ്പെട്ടതായി വിവരങ്ങളുണ്ട്. എന്നാൽ നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയും സഊദി ലേബർ ഓഫീസുകളും ജവാസാത്തുകളും സഹകരിച്ച് നടത്തുന്ന ഈ പ്രക്രിയകളിൽ ആരേയും ആശ്രയിക്കേണ്ടതോ പണമിടപാടുകൾ നടത്തുകയോ വേണ്ടതില്ല എന്നത് ഏറെ ആശ്വാസകരമാണ്. അസ്വാഭാവികമായ ചില കാരണങ്ങൾ ഫൈനൽ ഏക്സിറ്റ് ലഭിക്കാതെ ലേബർ ഓഫീസിൽ മുടങ്ങി കിടക്കിടക്കുന്ന ചില അപേക്ഷകളുടെ തടസ്സം നീങ്ങിക്കിട്ടാനായി ഇന്ത്യൻ എംബസി ലേബർ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ ആശിഖ് തളയൻ കണ്ടിയും ജുബൈലിലെ ഇന്ത്യൻ എംബസിയുടെ സാമൂഹ്യ പ്രവർത്തകനും പ്രവാസി സാംസ്കാരിക വേദി ജന സേവന വിഭാഗം പ്രവർത്തകനുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയും ഈയിടെയായി ജുബൈൽ അൽ ജുഐമ ലേബർ ഓഫീസ് സന്ദർശിച്ചിരുന്നു.
അടിയന്തിരമായ ആരോഗ്യപ്രശ്നങ്ങളിൽപെട്ട് തുടർ ചികിത്സകൾക്കായി നാട്ടിലേക്ക് പോവേണ്ടവർ അനിവാര്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ഹാജരാക്കിയാൽ നടപടികൾ വേഗതയിലാക്കാനും ഫൈനൽ ഏക്സിറ്റ് ലഭിക്കാനും എംബസി സഹകരിക്കുന്നതാണ്. നിയമപരമായ യാത്രാ നിരോധനമോ (ട്രാവൽ ബേൻ) മറ്റ് കേസുകളോ നിലവിലില്ലാത്തവരുടെ അപേക്ഷകളിലേ നടപടികൾ പൂർത്തീകരിക്കാൻ കഴിയൂ എന്നും ഏതാണ്ട് എൺപത്തി മുവ്വായിരം ഇന്ത്യക്കാർ ഇതേ വരെയായി റജിസ്ട്രേഷൻ പൂർത്തീകരിച്ച് ഭൂരിഭാഗം പേരും നാടണഞ്ഞു എന്നും സൈഫുദ്ദീൻ പൊറ്റശ്ശേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."