ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതി വേഗത്തിലാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഏകീകൃത ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതി വേഗത്തിലാക്കി കുവൈത്ത് . ജൂണ്‍ ഒന്നിനകം രാജ്യത്തെ മുഴുവന്‍ പൗരന്മാരും പ്രവാസികളും ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.ബയോമെട്രിക് വിരലടയാളം നിര്‍ബന്ധമാക്കുന്നതിന് മാര്‍ച്ച് 1 മുതല്‍ മൂന്ന് മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ജൂണ്‍ ഒന്നു മുതല്‍ വിരലടയാളം നല്‍കാത്തവരുടെ റെസിഡന്‍സി പെര്‍മിറ്റും (ഇഖാമ) ഡ്രൈവിങ് ലൈസന്‍സും പുതുക്കുന്നത് ഉള്‍പ്പെടെയുള്ള മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭ്യമാവില്ല.
ഏകദേശം 48 ലക്ഷം ജനസംഖ്യയുള്ള കുവൈത്തില്‍ 17 ലക്ഷം ആളുകള്‍ ഇതിനകം ബയോമെട്രിക് വിരലടയാളം നല്‍കിയിട്ടുണ്ട്. ഇതില്‍ കൂടുതലും പ്രവാസികളാണ്. ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സംവിധാനം കൊണ്ടുവരാനാണ് വിരലടയാളം സ്വീകരിക്കുന്ന നടപടി കുവൈത്ത് വേഗത്തിലാക്കുകയും മൂന്ന് മാസത്തെ സമയപരിധി നിശ്ചയിക്കുകയും ചെയ്തതെന്ന് പേര് വെളിപ്പെടുത്താത്ത ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
സുരക്ഷാ ബന്ധവും ഡാറ്റാ കൈമാറ്റവും വേഗത്തില്‍ നടപ്പാക്കാന്‍ ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കിടയിലെ ഇരട്ട പൗരത്വ പ്രശ്‌നവും ഏകീകൃത ജിസിസി ബയോമെട്രിക് വരുന്നതോടെ പരിഹരിക്കാനാവും.ബയോമെട്രിക് ഫിംഗര്‍പ്രിന്റ് ഡാറ്റാ ബേസ് സ്ഥാപിക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല, ഇന്റര്‍പോളുമായും മറ്റ് രാജ്യങ്ങളുമായുമെല്ലാം സുരക്ഷാ ബന്ധം സ്ഥാപിക്കുന്നതില്‍ നിര്‍ണായകമാവും. വിവിധ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്നവരെയും വ്യാജ പാസ്പോര്‍ട്ടുമായി കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെയും കണ്ടെത്താന്‍ ഈ നടപടി സഹായിക്കുമെന്ന് അവര്‍ വിശദീകരിച്ചു.
വ്യത്യസ്ത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ യാത്രചെയ്യുന്ന ഇരട്ട പൗരത്വമുള്ളവരെ കണ്ടെത്താന്‍ ഫിംഗര്‍പ്രിന്റിംഗ് ഡാറ്റ സഹായിക്കും. രാജ്യങ്ങള്‍ക്ക് അനാവശ്യ സാമ്പത്തിക-സാമൂഹിക ബാധ്യതയാണ് ഇരട്ട പൗരത്വം സൃഷ്ടിക്കുന്നത്.കുവൈത്തിന്റെ അതിര്‍ത്തി ചെക് പോസ്റ്റുകള്‍, കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, രാജ്യത്തുടനീളമുള്ള നിയുക്ത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ ബയോമെട്രിക് വിരലടയാളം ശേഖരിച്ചുവരുന്നുണ്ട്. കുവൈത്തികള്‍, മറ്റ് ജിസിസി പൗരന്മാര്‍, പ്രവാസികള്‍ എന്നിവരുടെ വിരലടയാളം ഉദ്യോഗസ്ഥര്‍ ശേഖരിച്ചുവരുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."