ഭരണസമിതിക്കെതിരേയുള്ള ആരോപണം അടിസ്ഥാന രഹിതം: പഞ്ചായത്ത് പ്രസിഡന്റ്
കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ്ബാബു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പഞ്ചായത്ത് ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തിയതെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇപ്പോള്‍ അധികാരത്തിലുള്ള ഭരണസമിതി വന്നതിന് ശേഷം ആദ്യം ചെയ്തത് മുഴുവന്‍ വാര്‍ഡുകളിലേയും തെരുവ് വിളക്കുകളും നേരെയാക്കുക എന്ന പദ്ധതിയാണ്. പഞ്ചായത്തിലെ മുഴുവന്‍ മെമ്പര്‍മാരും എഴുതി തന്ന കണക്കനുസരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതനുസരിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ സുരേഷ് കൊച്ചുവീട്ടിലിന്റെ വാര്‍ഡില്‍ എഴുപത്തെട്ട് വഴി വിളക്കുകളാണ് നേരെയാക്കിയതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
മുഴുവന്‍ മെമ്പര്‍മാരും എഴുതി തന്ന കണക്കനുസരിച്ച് തന്നെയാണ് റോഡുകളും പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പദ്ധതിയില്‍ സുരേഷ് കൊച്ചുവീട്ടിലിന്റെ വാര്‍ഡിലെ മൂന്ന് റോഡുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ യൂനിറ്റുകള്‍ പച്ചക്കറി കൃഷി തുടങ്ങിയത്.
ഇതിന് ആവശ്യമായ വിത്ത് വാങ്ങിയതും വിതരണം ചെയ്തതും കോണ്‍ഗ്രസുകാരിയായ കുടുംശ്രീ ചെയര്‍പേഴ്‌സണ്‍ എല്‍സി വിന്‍സെന്റാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി ഈ ഭരണ സമിതി മുന്നോട്ടു പോകുമ്പോള്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അംഗീകാരം കണ്ട് വിറളി പൂണ്ടാണ് കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ വില കുറഞ്ഞ ആരോപണങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ ഭരണസമിതിയുടെ ദുര്‍ഭരണത്തിനെതിരെയും പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണത്തിനെതിരെയും കോണ്‍ഗ്രസ് കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിച്ച് കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ്ബാബു പത്രക്കുറിപ്പിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."