ബംഗ്ലാദേശ് എം.പി കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ചികിത്സയ്ക്കു കൊല്‍ക്കത്തയിലെത്തി പോയി കാണാതായ ബംഗ്ലാദേശ് എം.പി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിര്‍ന്ന എം.പി.യായ അന്‍വാറുല്‍ അസിം അനാര്‍ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊല്‍ക്കത്ത ന്യൂടൗണിലെ ഫ്‌ളാറ്റില്‍നിന്നാണ് എം.പിയുടെ വികൃതമായ മൃതദേഹം കണ്ടെത്തിയതായി ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ധക്ക പൊലിസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി ഹാറുണ്‍ റാഷിദ് പറഞ്ഞു. കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങളാണോ നാട്ടുകാരുമായുള്ള ശത്രുതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷിച്ചുവരുകയാണ്. അന്വേഷണത്തില്‍ കൊല്‍ക്കത്ത പൊലിസ് എല്ലാവിവരങ്ങളും നല്‍കി സഹകരിക്കുന്നുണ്ടെന്നും റാഷിദ് പറഞ്ഞു.
മേയ് 12നാണ് അസിം അനാര്‍ എം.പി കൊല്‍ക്കത്തയിലെത്തിയത്. ബരാനഗറിലുള്ള ഗോപാല്‍ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ 13ന് വൈദ്യപരിശോധനയ്ക്കായിപ്പോയ എം.പിയെ പിന്നീട് ബിശ്വാസിനോ ബംഗ്ലാദേശിലുള്ള കുടുംബത്തിനോ ബന്ധപ്പെടാനായില്ല. തുടര്‍ന്ന് ബിശ്വാസ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ന്യൂടൗണിലുള്ള ഒരു ഫ്‌ളാറ്റില്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതായി വ്യക്തമായി. ഫ്‌ളാറ്റില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തെപ്പറ്റിയോ മൃതദേഹം എവിടെയുണ്ട് എന്നതിനെപ്പറ്റിയോ കൊല്‍ക്കത്ത പൊലിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."