മ്യാന്‍മറില്‍ വീണ്ടും റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യ; ബുത്തിഡൗങ് നഗരം പൂര്‍ണമായും സൈന്യം തീയിട്ടു, രക്ഷപ്പെടാനുള്ള വഴികളടച്ചു
നയ്പിഡോ:മ്യാന്മറില്‍ വീണ്ടും റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യ. രണ്ടുലക്ഷത്തോളം റോഹിങ്ക്യന്‍ ജനത തിങ്ങിപ്പാര്‍ക്കുന്ന ബുത്തിഡൗങ് നഗരം പൂര്‍ണമായും സൈന്യം കത്തിച്ചതായി റിപ്പോര്‍ട്ട്. സൈനികാതിക്രമത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് പോലും പുറം ലോകത്തിന് ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തില്‍ പൂര്‍ണമായും തീയിട്ട് ജനങ്ങള്‍ക്ക് പുറത്തേക്ക് കടക്കാനുള്ള പാലങ്ങളും വഴികളുമെല്ലാം മ്യാന്‍മര്‍ സൈന്യം തകര്‍ത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭക്ഷണമോ മരുന്നുകളോ അവശ്യ സാധനങ്ങളോ ഇല്ലാതെ പാടങ്ങളിലും പറമ്പുകളിലും ഒളിച്ചിരിക്കുകയാണെന്നും റോഹിങ്ക്യന്‍ അവകാശ പ്രവര്‍ത്തരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നഗരമാകെ കത്തിക്കരിഞ്ഞ അവസ്ഥയിലാണ്. അതെ സമയം സൈനികക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെഎണ്ണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
നഗരത്തിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന കാര്യങ്ങളൊന്നും പുറംലോകത്തേക്ക് അറിയാത്ത സാഹചര്യമാണ്.അക്രമത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്നോ നഗരത്തില്‍ അവശേഷിക്കുന്നവരുടെ നിലവിലെ സാഹചര്യമെന്താണെന്നോ ഉള്‍പ്പടെയുള്ള യാതൊരു വിവരങ്ങളും മ്യാന്‍മര്‍ സൈന്യം പുറത്ത് വിട്ടിട്ടില്ല. ഇന്റര്‍നെറ്റ് സംവിധാനമുള്‍പ്പെടെ ബുത്തിഡോങില്‍ ആശയവിനിമയം നടത്താനുള്ള എല്ലാ മാര്‍ഗങ്ങളും മ്യാന്‍മര്‍ സൈന്യം തടഞ്ഞിരിക്കുകയാണ്.
ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനിലെ ബുത്തിഡൗങ് നഗരത്തിലാണ് സൈന്യത്തിന്റെ നരനായാട്ട്. സൈനികര്‍ റോഹിങ്ക്യകളുടെ വീടുകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ആളുകളെ രക്ഷപ്പെടാന്‍ പോലും അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫോണുകള്‍ പിടിച്ചെടുത്തു.മറ്റിടങ്ങളിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ കുടുംബാംഗങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും ബുത്തിഡൗങിലാണെന്നും എന്നാല്‍ ശനിയാഴ്ച മുതല്‍ അവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും, ബംഗ്ലാദേശില്‍ അഭയാര്‍ത്ഥിയായി താമസിക്കുന്ന റോഹിങ്ക്യന്‍ കവി ഫാറൂഖ് സിഎന്‍എന്നിനോട് പറഞ്ഞു. കുടുംബം നാടുവിട്ടുപോയെന്നും തന്റെ വീട് സൈന്യം കത്തിച്ചുവെന്നും ബന്ധു പിന്നീട് തന്നെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
2016ലാണ് ഏറ്റവും വലിയ വംശഹത്യ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാന്‍മറില്‍ നടന്നത്. 2021 ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതു മുതല്‍ മ്യാന്‍മറിലുടനീളം വ്യാപകമായ ആക്രമണങ്ങളാണ് സൈന്യം നടത്തി വരുന്നത്.
പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍, മ്യാന്‍മറിന്റെ സൈനിക ഭരണകൂടത്തോട് പോരാടുന്ന ശക്തമായ വംശീയന്യൂനപക്ഷ സായുധ സംഘമായ അരാകന്‍ സൈന്യം ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റോഹിങ്ക്യന്‍ നഗരം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിന് പിന്നാലെ ബുത്തിഡൗങ് നഗരത്തിലെ രോഹിങ്ക്യന്‍ മുസ്‌ലിങ്ങളുടെ വീടുകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മെയ് 18ന് ബുത്തിഡോങ് നഗരം ഒഴിഞ്ഞ് പോകണമെന്ന് കാട്ടി മ്യാന്‍മര്‍ സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരായാലും അത് 2017ല്‍ മ്യാന്‍മറില്‍ നടന്ന വംശഹത്യയേക്കാള്‍ ഭീകരമാകുമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."