കൊച്ചിയിലെ വെള്ളക്കെട്ടില്‍ ഇടപെട്ട് ഹൈക്കോടതി; കളക്ടര്‍ മാത്രം വിചാരിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നും കൂട്ടായ പരിശ്രമം ആവശ്യമെന്നും നിര്‍ദേശം
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ ഇടപെട്ട് ഹൈകോടതി. ജില്ല കളക്ടര്‍ മാത്രം വിചാരിച്ചാല്‍ വെള്ളക്കെട്ട് മാറില്ലെന്നും പരിഹാരത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കോടതി പറഞ്ഞു. വെള്ളക്കെട്ട് സംബന്ധിച്ച ഹരജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് പരാമര്‍ശം.
വെള്ളക്കെട്ടുണ്ടാക്കുന്ന ഹോട്ട്‌സ്‌പോട്ടുകളായ കാനകള്‍ ശുദ്ധീകരിച്ചെന്ന് ഉറപ്പുവരുത്താന്‍ കളക്ടര്‍ ഉള്‍പ്പെട്ട വിദഗ്ദ സമിതിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലശ്ശേരി കനാലിലെ ഒഴുക്ക് തടസപ്പെടാതിരിക്കാന്‍ സംവിധാനം ഉണ്ടാക്കണം, സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധവേണം, നഗരത്തിലെ മാലിന്യങ്ങള്‍ ഉടനടി നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശത്തില്‍ വ്യക്തമാക്കി.
മാലിന്യം നീക്കാന്‍ പൊതുജനങ്ങളുടെ സഹകരണം വേണമെന്നും കോടതി പറഞ്ഞു. കോടതി നിര്‍ദേശത്തിന് പിന്നാലെ ജില്ല കളക്ടറുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴ ശക്തമായതിന് പിന്നാലെ കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം തന്നെ വെള്ളക്കെട്ടാണ്. പലയിടത്തും ഇടറോഡുകളും, പാലങ്ങള്‍ക്ക് താഴെയും, വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."