സര്‍വശുദ്ധി പാളുന്നു: നഗരം മാലിന്യക്കൂമ്പാരമായി ചീഞ്ഞ് നാറുന്നു
വടക്കാഞ്ചേരി: സര്‍വശുദ്ധി മാലിന്യ നിര്‍മാര്‍ജന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വടക്കാഞ്ചേരി നഗരസഭയില്‍ പല ഡിവിഷനുകളിലും പദ്ധതി വമ്പന്‍ പരാജയം. മാലിന്യ നിര്‍മാര്‍ജനം നടക്കുന്നില്ലെന്ന് മാത്രമല്ല, പ്ലാസ്റ്റിക് മാലിന്യമടക്കം കെട്ടി കിടന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ച് ജനജീവിതം തന്നെ ഏറെ ദുസഹമാവുകയാണ്. നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യമെടുക്കുന്ന പദ്ധതി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
മറ്റു മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനോ അനധികൃത നിക്ഷേപം തടയുന്നതിനോ നഗരസഭ ഒന്നും ചെയ്യുന്നില്ല. റെയില്‍വേ സ്റ്റേഷന് പരിസരത്ത് മാലിന്യ നിക്ഷേപത്തിന്റെ ആധിക്യം മൂലം മിനി ലാലൂര്‍ രൂപം കൊണ്ടിരിക്കുകയാണ്. സംസ്ഥാന പാതയോരത്ത് മാലിന്യം കുന്ന് കൂടി ചീഞ്ഞ് നാറുമ്പോള് നഗരസഭാ ഭരണാധികാരികള്‍ ഇത് കണ്ട മട്ടില്ല. ചെയര്‍പേഴ്സണും, കൗണ്‍സിലര്‍മാരുമൊക്കെ തലങ്ങും വിലങ്ങും പായുന്ന പാതയോരത്തെ ജനവാസ മേഖലയിലാണ് വന്‍ മാലിന്യ നിക്ഷേപമെന്നത് ഏറെ വൈരുദ്ധ്യമാവുകയാണ്.
തട്ടുകടകളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ വരെ ഇവിടെ നിക്ഷേപിക്കുന്നവയില് ഉള്‍പ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യ നിക്ഷേപമാണ് ഏറെയും. ഇത് രാത്രി കാലങ്ങളില്‍ കത്തിക്കുന്നത് ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിനും വഴി വെക്കുകയാണ്. നഗരസഭ പ്രചാരണ തട്ടിപ്പ് നടത്താതെ കൃത്യമായ മാലിന്യ നിര്‍മാര്‍ജനം നടത്തണമെന്നും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."