നിശബ്ദ വിമാനത്താവളമായി അബഹ
റിയാദ്: സഊദി അറേബ്യയിലെ ആദ്യത്തെ നിശബ്ദ വിമാനത്താവളവുമായി,ജിസിസിയിലെ രണ്ടാമത്തെ നിശബ്ദ വിമാനത്താവളവുമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം മാറി. ഇത് സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച എയർപോർട്ട് അധികൃതർ പുറപ്പെടുവിച്ചു. ശബ്ദ മലിനീകരണം കുറയ്ക്കാനും ശാന്തമായ അന്തരീക്ഷം വിമാനത്താവളത്തിനുള്ളിൽ സാധ്യമാക്കുന്നതിന് വേണ്ടിയാണിത്. നിശബ്ദതയുടെ വാതിൽ തുറന്ന് അവസാനത്തെ കാൾ മുഴക്കിയ ശേഷം ലൗഡ് സ്പീക്കറുകൾ അടച്ചതോടെ ഇനി അബഹ വിമാനത്താവളത്തിൽ ടേക്ക് ഓഫ്, യാത്രക്കാരുടെ ബോർഡിങ്, യാത്രക്കാർക്കുള്ള അവസാന കാൾ തുടങ്ങിയ കാര്യങ്ങളിൽ അറിയിപ്പുകളൊന്നും ഉണ്ടാകില്ല.
ലോകമെമ്പാടുമുള്ള നിരവധി അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ പ്രയോഗിച്ചിട്ടുള്ള മികച്ച ആഗോള സമ്പ്രദായങ്ങൾ പാലിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് അബഹ വിമാനത്താവളത്തെ നിശബ്ദമാക്കി മാറ്റാൻ മാനേജ്‌മെൻറ് തീരുമാനമെടുത്തത്.
ലോകത്ത് നിരവധി വിമാനത്താവളങ്ങളിൽ ഈ രീതി പ്രയോഗത്തിലുണ്ട്. സിംഗപ്പൂർ ചാംഗി അന്താരാഷ്ട്ര വിമാനത്താവളം, സൂറിച്ച് അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ആംസ്റ്റർഡാം അന്താരാഷ്ട്ര വിമാനത്താവളം, ലണ്ടൻ സിറ്റി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ പട്ടികയിലേക്ക് സഊദിയിൽനിന്ന് ഇപ്പോൾ അബഹയും ഉൾപ്പെട്ടു. യാത്രക്കാരുടെ ബോർഡിങ് സമയത്ത് വിമാനത്തിന്റെ വിശദാംശങ്ങൾ ബോർഡിങ് ഗേറ്റുകളിൽ പ്രദർശിപ്പിക്കും. യാത്രക്കാരുടെ ബോർഡിങിനായി ഗേറ്റ് തുറക്കുന്നതിന് മുമ്പായിരിക്കും ഇത്. ഫ്ലൈറ്റ് ഡിസ്പ്ലേ സ്ക്രീനുകളിലൂടെ യാത്രക്കാർക്ക് പ്രസക്തമായ കൃത്യമായ വിവരങ്ങൾ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."