തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍, ഭീകരം ഗുജറാത്തില്‍ നിന്നുള്ള രംഗങ്ങള്‍; ഗെയിംസോണ്‍ ഉടമയും മാനേജറും കസ്റ്റഡിയില്‍
രാജ്‌കോട്ട് (ഗുജറാത്ത്): കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍. ഒരാളെ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അതിഭീകരമാണ് ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിങ്ങ് സെന്ററില്‍ നിന്നുള്ള രംഗങ്ങള്‍. 27 പേരാണ് ഇതുവരെ തിപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ നാലു പേര്‍ 12 വയസ്സില്‍ താഴെയുള്ളവരാണ്.
സംഭവത്തില്‍ തീപിടിത്തം നടന്ന ടി.ആര്‍.പി ഗെയിം സോണ്‍ ഉടമകളില്‍ ഒരാളായ യുവരാജ് സിങ് സോളങ്കിയെയും മാനേജര്‍ നിതിന്‍ ജെയിനെയും ചോദ്യം ചെയ്യാനായി ഇന്നലെ രാത്രി പൊലിസ് കസ്റ്റഡിയിലെടുത്തു.അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടമയെയും മാനേജരെയും ചോദ്യം ചെയ്യുകയാണെന്നും രാജ്‌കോട്ട് പൊലിസ് കമ്മീഷണര്‍ രാജു ഭാര്‍ഗവ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. പ്രകാശ് ജെയിന്‍, യുവരാജ് സിങ് സോളങ്കി, രാഹുല്‍ റാത്തോഡ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിംസോണ്‍.
ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് രാജ്യത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. മെറ്റലും ഫൈബര്‍ ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ഷെഡിലായിരുന്നു സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. തീപിടിത്തമുണ്ടായതായി വൈകീട്ട് നാലരയോടെയാണ് ഫയര്‍ സ്റ്റേഷനിലേക്ക് ഫോണ്‍ ലഭിച്ചതെന്ന് രാജ്‌കോട്ട് കലക്ടര്‍ പ്രഭാവ് ജോഷി പറഞ്ഞു. ആറ് മണിക്കൂറിലധികം രക്ഷാപ്രവര്‍ത്തനം നടന്നു. വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഷെഡ് പൂര്‍ണമായും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു.
ടിആര്‍പി ഗെയിം സോണിലെ തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ലെന്ന് കലക്ടര്‍ പറഞ്ഞു. ഗെയിം സോണ്‍ നടത്തിപ്പുകാര്‍ അഗ്‌നി സുരക്ഷാ അനുമതിയോ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള അനുമതിയോ നേടിയിട്ടില്ലെന്ന് രാജ്‌കോട്ട് ഡെപ്യൂട്ടി മുനിസിപ്പല്‍ കമീഷണര്‍ സ്വപ്നില്‍ ഖരെ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ചതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംഘ്‌വി എ.എന്‍.ഐയോട് പറഞ്ഞു. അന്വേഷണവും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എല്ലാ ഉദ്യോഗസ്ഥരെയും ഞായറാഴ്ച രാവിലെ കലക്ടറുടെ ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരുക്കേറ്റവര്‍ക്കായി രാജ്‌കോട്ടിലെ എയിംസില്‍ 30 ഐസിയു കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."