സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷം, ശുഭവാര്‍ത്തക്കായി കാത്തിരിക്കുക: സഹായ സമിതി
റിയാദ്: സഊദിയിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷം സാധ്യമാകുമെന്ന് നിയമ സഹായ സമിതി. റിയാദ് ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനദ്രവ്യ തുകയായ 15 മില്യന്‍ റിയാല്‍ കൊല്ലപ്പെട്ട അനസിന്റെ കുടുംബത്തിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതാണ് മോചനം കാരണമെന്ന് നിയമസഹായസമിതി ഭാരവാഹികള്‍ റിയാദിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റഹീമിന്റെ മോചന നടപടികളെല്ലാം സഊദി നിയമവ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നാണ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ വ്യക്തിഹത്യനടത്തുന്നതും മറ്റു ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവർക്ക് മറ്റു പല ലക്ഷ്യങ്ങളുമാണുള്ളത്. റഹീം പുറത്തിറങ്ങിയ ശേഷം ഇത്തരം ദുരാരോപണങ്ങൾക്കെതിരെയും ആരോപകർക്കെതിരെയും കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. റഹീമിന്റെ ജയില്‍ മോചനമാണ് ഇപ്പോള്‍ സമിതിയുടെ മുന്നിലുള്ളത്. സമിതിയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമാണ്. പത്തോളം അകൗണ്ടുകള്‍ വഴിയാണ് പൊതുജനങ്ങളില്‍ നിന്ന് സഹായ സംഖ്യ പിരിച്ചത്. ഇത് ഓഡിറ്റിന് വിധേയമാണ്. സഊദിയില്‍ തുക സമാഹരണം നടക്കാത്തതിനാല്‍ ഇവിടെ അകൗണ്ട് തുറക്കേണ്ട ആവശ്യമുണ്ടായില്ല. ആരോപണം ഉന്നയിക്കുന്നവര്‍ റഹീം മോചനദ്രവ്യ ഫണ്ടിലേക്ക് പണം നല്‍കാത്തവരാണ്. അവരുടെ ലക്ഷ്യം മറ്റെന്തൊക്കെയോ ആണ്.
മോചനവുമായി ബന്ധപ്പെട്ട് വിശ്രമമില്ലാത്ത പ്രവര്‍ത്തനം തുടരുകയാണ്. ഇന്ത്യന്‍ എംബസിയുടെയും റിയാദ് പൊതുസമൂഹത്തിന്റെയും പൂര്‍ണ്ണ പിന്തുണയോടെ കഴിഞ്ഞ 18 വര്‍ഷമായി നടത്തി കൊണ്ടിരിക്കുന്ന ശ്രമം വൈകാതെ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം ലക്ഷ്യത്തിനരികെ നില്‍കുമ്പോള്‍ ലോകമാകെയുള്ള മലയാളികള്‍ ഉള്‍പ്പടെയുള്ള എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും നന്ദി പറയുകയാണെന്ന് സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു. കേസിലെ പ്രധാന കടമ്പ പണം മാത്രമായിരുന്നില്ല. കൊല്ലപ്പെട്ട സഊദി ബാലന്റെ കുടുംബം മാപ്പ് നല്‍കുക എന്നതായിരുന്നു. അതിനായാണ് ദീര്‍ഘകാലം കഠിന ശ്രമങ്ങള്‍ നടന്നത്. സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ടയാളുടെ സഹോദരന് പ്രായപൂര്‍ത്തിയായിരുന്നില്ല. അത് കൊണ്ട് വിധി പ്രഖ്യാപനത്തിന് കാലതാമസമുണ്ടാക്കി. ഈ കാലഘട്ടം ഉപയോഗപ്പെടുത്തിയാണ് സഹായ സമിതി പലവഴിയായി റഹീമിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ നടത്തിയത്. എല്ലാ വഴികളും പരാജയപ്പെട്ടെങ്കിലും സമിതി പിന്മാറിയില്ല. സാധ്യമായ പുതിയ വഴികള്‍ തേടി. പ്രമുഖരെ ബന്ധപ്പെടുത്തി സമന്വയത്തിന് ശ്രമിച്ചു. കുട്ടിയുടെ മാതാവ് വധശിക്ഷയില്‍ കവിഞ്ഞ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. വിവിധ ഭാഗങ്ങളില്‍ നിന്ന് മാപ്പിന് സമ്മര്‍ദ്ദമുണ്ടായപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചവരെ ഒരു വേള അവര്‍ നിര്‍ത്തിവെച്ചു. എന്ത് കാര്യത്തിനും അഭിഭാഷകനുമായി സംസാരിക്കാം എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. മോചനദ്രവ്യം സ്വീകരിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. അങ്ങനെയണ് വാദി ഭാഗം അഭിഭാഷകനുമായി നിരന്തരം ചര്‍ച്ച നടത്തിയതും അനുരഞ്ജനത്തിലെത്തിയതും കരാര്‍ ഒപ്പുവെച്ചതും.
കൊലപാതകം നടന്ന ശേഷം പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിലും കോടതിയുടെ വിധി പ്രസ്താവത്തിലും റഹീം കുറ്റം സമ്മതിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കഴുത്തിലുണ്ടായ ആഘാതമാണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടെ അറസ്റ്റ് ചെയ്യപ്പെട്ട നസീര്‍ എന്ന വ്യക്തി സാക്ഷിമൊഴിയും നല്‍കി. ഇദ്ദേഹമാണ് കേസിലെ ഏക സാക്ഷി. ഇദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങി സഊദിയില്‍ നിന്ന് മുങ്ങുകയായിരുന്നു.
15 മില്യന്‍ റിയാല്‍ പിരിച്ചുകിട്ടുമോ എന്ന ആശങ്ക തുടക്കം മുതല്‍ എല്ലാവരും പങ്കുവെച്ചതാണ്. റിയാദിലെ ജീവകാരുണ്യ സംഘടനകളാണ് അതിന് ധൈര്യം നല്‍കിയത്. അനുരഞ്ജന ചര്‍ച്ചക്ക് മുന്നില്‍ നിന്ന വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണം 15 മില്യന്‍ റിയാലിന് മുന്നില്‍ ഒരു വിഷയമായിരുന്നില്ല. അതിനാലാണ് അത് നേരത്തെ വെളിപ്പെടുത്താതിരുന്നത്. ഇവിടെ നിന്ന് പിരിച്ചുനല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ സംഖ്യ പിരിഞ്ഞുകിട്ടിയ സ്ഥിതിയില്‍ അത് നാട്ടില്‍ നിന്ന് എംബസിയിലെത്തിച്ചു. എംബസിയാണ് പണം കൈമാറുന്നത്.
47 കോടിയോളം രൂപ നിയമസഹായസമിതിയുടെ എകൗണ്ടിലെത്തിയിട്ടുണ്ട്. അതില്‍ 15 മില്യന്‍ റിയാല്‍ അഥവാ 34 കോടി 35 ലക്ഷം രൂപ റിയാദിലെ ഇന്ത്യന്‍ എംബസി എകൗണ്ടിലെത്തിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു . റിയാദ് ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ സര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ഗവര്‍ണറേറ്റില്‍ സമര്‍പ്പിക്കുകയാണ് അടുത്ത ഘട്ടം. ഗവര്‍ണറേറ്റില്‍ വെച്ച് ഇരുവിഭാഗവും അനുരഞ്ജന കരാറില്‍ ഒപ്പുവെക്കും. ശേഷം കോടതിയിലേക്ക് അയക്കും. കോടതി കേസില്‍ നിന്ന് വിടുതല്‍ നല്‍കുന്നതോടെ മോചന നടപടികള്‍ തുടങ്ങും.
കേസിന്റെ നാള്‍വഴികള്‍ പറഞ്ഞു സഹായസമിതി റിയാദ് മീഡിയ ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സി പി മുസ്തഫ, കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, പരിഭാഷകനും നിയമവിദഗ്ധനുമായ മുഹമ്മദ് നജാത്തി, റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍, ഭാരവാഹികളായ അഷ്‌റഫ് വേങ്ങാട്ട്, മുനീബ് പാഴൂര്‍, കുഞ്ഞോയി കോടമ്പുഴ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."