കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐ.പി.എല്‍ കിരീടം; ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞു
സൺ റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് െഎ.പി.എൽ കിരീടം. ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് വീണു. എട്ടു വിക്കറ്റിന്റെ അനായാസ വിജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17ാം സീസണ്‍ കിരീടം സ്വന്തമാക്കി. കൊല്‍ക്കത്തയുടെ മൂന്നാം ഐ.പി.എല്‍ കിരീടമാണിത്.
ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 18.3 ഓവറില്‍ 113 റണ്‍സിന് എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 26 പന്തില്‍ 52 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരും 39 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസുമാണ് ജയം അനായാസമാക്കിയത്. സുനില്‍ നരേയ്ന്‍ ആറ് റണ്‍സെടുത്ത് പുറത്തായി. നായകന്‍ ശ്രേയസ് അയ്യര്‍ നാല് റണ്‍സുമായി പുറത്താവാതെ നിന്നു.
സീസണിലുടനീളം ബാറ്റിങ് വിസ്‌ഫോടനം തീര്‍ത്ത ഹൈദരാബാദ് ബാറ്റര്‍മാരില്‍ ഒരാളെപോലും തലപൊക്കാന്‍ അനുവദിക്കാത്ത കൊല്‍ക്കത്ത ബൗളര്‍മാരാണ് ഫൈനലിലെ താരങ്ങള്‍. മൂന്ന് വിക്കറ്റെടുത്ത ആന്ദ്രേ റസലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹര്‍ഷിദ് റാണയുമാണ് ഹൈദരാബാദ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിനെ ഞെട്ടിച്ചാണ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയത്. നിലയുറപ്പിക്കും മുന്‍പെ വെടിക്കെട്ട് ഓപണര്‍ അഭിഷേക് ശര്‍മയുടെ (1) സ്റ്റംപ് പിഴുതെറിഞ്ഞു. വൈഭവ് അറോറ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ റണ്‍സൊന്നും എടുക്കാതെ ട്രാവിസ് ഹെഡും മടങ്ങി. വിക്കറ്റ് കീപ്പര്‍ റഹ്‌മാനുല്ല ഗുര്‍ബാസിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഒന്‍പത് റണ്‍സെടുത്ത രാഹുല്‍ ത്രിപതിയെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് വീണ്ടും ഞെട്ടിച്ചതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. രമണ്‍ദീപ് പിടിച്ചാണ് രാഹുല്‍ പുറത്തായത്.
സ്‌കോര്‍ 50 കടക്കും മുന്‍പ് നിതീഷ് കുമാര്‍ റെഡിയും വീണു. ഹര്‍ഷിദ് റാണയും പന്തില്‍ ഗുര്‍ബാസ് പിടിച്ചാണ് പുറത്തായത്. ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ച എയ്ഡന്‍ മാര്‍ക്രം റസ്സലിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി മടങ്ങി. 23 പന്തില്‍ 20 റണ്‍സെടുത്താണ് മാര്‍ക്രം മടങ്ങിയത്. 17 പന്തില്‍ 16 റണ്‍സെടുത്ത വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെ ഹര്‍ഷിദ് റാണ മടക്കിയയച്ചു. ഷഹബാസ് അഹമ്മദിനെ (8) വരുണ്‍ അറോറയും അബ്ദു സമദിനെ (4) റസ്സലും ജയദേവ് ഉനദ്കട്ടിനെ(4) സുനില്‍ നരേയ്‌നും പുറത്താക്കി. ഒന്‍പതാമനായി ക്രീസിലെത്തിയ നായകന്‍ പാറ്റ് കമ്മിന്‍സ് നടത്തിയ ചെറുത്തി നില്‍പ്പിലാണ് സ്‌കോര്‍ 100 കടന്നത്. 19 പന്തില്‍ 24 റണ്‍സെടുത്ത കമ്മിന്‍സ് റസ്സലിന്റെ പന്തില്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."