ഗുജറാത്ത് സര്‍ക്കാരില്‍ വിശ്വാസമില്ല; രാജ്‌കോട്ട് തീപിടിത്ത കേസില്‍ ഹൈക്കോടതി
ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ച് 28 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിലും പ്രാദേശിക ഭരണകൂടത്തിലും വിശ്വാസമില്ലെന്ന് കോടതി പറഞ്ഞു. രണ്ടര വര്‍ഷമായി ഒരു സ്ഥാപനം മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നു. ഇത്രയും കാലം സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നോ എന്നും കോടതി ചോദിച്ചു.
അപകടം നടന്ന ഗെയിമിംഗ് സെന്ററില്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പോയ ഫോട്ടോ കോടതിയിലെത്തി. ഉദ്യോഗസ്ഥര്‍ ആഘോഷിക്കാന്‍ പോയതായിരുന്നോ എന്ന് കോടതി ചോദിച്ചു. അഹമ്മദാബാദിലെ വേറെ രണ്ട് ഗെയിമിംഗ് സോണുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീഷ ലുവ് കുമാര്‍ ഷാ കോടതിയില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കോതിയെ അറിയിച്ചു.
അതിനിടെ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പറേഷനിലെ ഏഴ് ഉദ്യോഗസ്ഥരെയും അഗ്‌നിരക്ഷാ വിഭാഗത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ രോഹിത് വിഗോറയെയും സസ്പെന്‍ഡ് ചെയ്തു. ടിആര്‍പി ഗെയിം സെന്റര്‍ സഹ ഉടമ രാഹുല്‍ റാത്തോഡിനെ അറസ്റ്റ് ചെയ്തു. ഗെയിമിങ് സെന്ററിന്റെ മറ്റൊരു ഉടമ യുവരാജ്സിങ് സോളങ്കിയും മാനേജരും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ഗെയിമിങ് സെന്റര്‍ ഫയര്‍ എന്‍ഒസി അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. അഗ്‌നിസുരക്ഷ ഉപകരണങ്ങള്‍ വാങ്ങിയെന്ന് ബില്‍ സമര്‍പ്പിച്ചാണ് അപേക്ഷ നല്‍കിയത്. ജീവനക്കാര്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലനവും ലഭിച്ചിരുന്നില്ല. സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെ താത്കാലിക ഷെഡ് പണിതുവെന്നും കണ്ടെത്തി.
ഇന്നലെ വൈകിട്ട് തീപിടിത്തമുണ്ടായപ്പോള്‍ എഴുപതോളം പേര്‍ ഗെയ്മിങ് സെന്ററില്‍ ഉണ്ടായിരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ കുട്ടികള്‍, കുടുംബങ്ങള്‍, ഗെയ്മിങ് സെന്ററിലെ ദിവസ വേതനക്കാര്‍ തുടങ്ങിയവരാണ് മരിച്ചത്. മരിച്ചവരില്‍ 12 പേര്‍ കുട്ടികളാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."