സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ; വ്യാപകമായ നാശനഷ്ടം, മരണം, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴയിൽ വിവിധ ഭാഗങ്ങളിൽ ജനജീവിതം ദുസ്സഹമായി. കൊച്ചി നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളത്തിൽ മുങ്ങിയ അവസ്ഥയാണ്. സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. മഴ കനത്തതോടെ മഴ മുന്നറിയിപ്പിൽ കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. കനത്തമഴ ലഭിച്ച കൊച്ചിയിലും കോട്ടയത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ഇരു ജില്ലകളിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ശക്തമായ മഴയിൽ ഇന്ന് മൂന്ന് മരണമാണ് സംസ്ഥാനത്ത് ഉണ്ടായത്. കാറ്റിനെ തുടർന്ന് വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. ഒരാളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.
ഇതിനിടെ, കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊടുങ്ങല്ലൂർ കാവിൽകടവ് സ്വദേശി പാറെക്കാട്ടിൽ ഷോൺ സി ജാക്‌സൺ (12) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്.
അതേസമയം, സംസ്ഥാനത്ത് നാളെയും മഴ തുടരുമെന്നാണ് വിവരം. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇടുക്കി, തൃശൂർ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."