സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യത: മുന്നറിയിപ്പു നൽകി കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്തെ വരുംദിവസങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴയുടെ തീവ്രത പതിവിലേറെ കൂടുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. നിലവിൽ എറണാകുളത്തും കോട്ടയത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചത് തുടരുകയാണ്. വയനാടും കാസർകോട്ടും കണ്ണൂരും ഒഴികെയുള്ള മറ്റു ജില്ലകളിൽ യലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇടുക്കിയിലെ മലയോര മേഖലകളിലും കോട്ടയത്തും യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫ് റോഡ് യാത്രയ്ക്കും നിയന്ത്രണം ബാധകമാണ്. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ല പൊലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോട്ടയത്തും ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി ഉത്തരവിറക്കി. ഉയർന്ന തിരമാല സാധ്യതകൾ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."