'ALL EYES ON RAFAH' ഒടുവില്‍ ഇന്ത്യന്‍ സിനിമാ ലോകവും ഉറക്കെ പറയുന്നു 'എല്ലാ കണ്ണുകളും റഫയില്‍'; ട്രെന്‍ഡിങ്ങായി ക്യാംപയിന്‍
ഒടുവില്‍ ലോകത്തിലെ ഏറ്റവും നിസ്സഹായരാക്കപ്പെട്ട ആ പിഞ്ചു മക്കളുടെ നിലവിളി ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ കാതുകളിലേക്കുമെത്തിയിരിക്കുന്നു. നമ്മള്‍ രമിച്ച് ജീവിക്കുന്ന അതേ കാലത്ത് നമ്മുടെ ഉന്മാദങ്ങളുടെ ഭാരം ഏറ്റു വാങ്ങുന്ന അതേ ഭൂമിയുടെ ഒരു കൊച്ചു ബിന്ദുവില്‍ നിന്നുയര്‍ന്ന രോദനങ്ങള്‍ അങ്ങനെ രാജ്യമെങ്ങും ഒരു പ്രതിഷേധത്തീയായ് പെയ്തു തുടങ്ങിയിരിക്കുന്നു. വംശഹത്യയുടെ 230ലേറെ നാളുകള്‍ പിന്നിടേണ്ടി വന്നെങ്കിലും ഇതും ഒരു കനലാണ്. ലോകമെങ്ങുമുയരുന്ന ആയിരക്കണക്കായ പ്രതിഷേധ ജ്വാലക്ക് മാറ്റു കൂട്ടുന്നൊരു ചെങ്കനല്‍. റഫയില്‍ സയണിസ്റ്റ് സേന ജീവനോടെ ചുട്ടെരിക്കുന്ന പിഞ്ചു ജീവനുകള്‍ക്കായി ആരംഭിച്ച സോഷ്യല്‍ മീഡിയാ ക്യാംപയിനില്‍ മലയാളം മുതല്‍ ബോളിവുഡ് വരെ നിരവധി നടീനടന്‍മാരാണ് പങ്കാളികളായിരിക്കുന്നത്.
All Eyes on Rafah എന്ന പോസ്റ്റര്‍ ഇന്‍സ്റ്റാഗ്രാമില്‍ 24 മണിക്കൂറിനുള്ളില്‍ 10 മില്യണിലധികം ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം എക്‌സില്‍ ഇതേ ഹാഷ് ടാഗ് ട്രെന്‍ഡിങ്ങിലുമാണ്. സിനിമാ മേഖല മാത്രമല്ല രാഷ്ട്രീയക്കാരും, കായിക താരങ്ങളുംയുവാക്കളും വിദ്യാര്‍ഥികളുമടക്കം മിക്കവരും സ്റ്റോറിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ് തങ്ങളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം.
മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് ക്യാംപയിന്‍ പങ്കുവെച്ച് തുടക്കമിട്ടത്. പിന്നാലെ റിമ കല്ലിങ്കല്‍ നിമിഷ സജയന്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി. മാധുരി ദീക്ഷിത്, പ്രകാശ് രാജ്, വരുണ്‍ ധവാന്‍, ആറ്റ്‌ലി, വിജയ് വര്‍മ, തൃപ്തി ദിമ്രി, ഹിന ഖാന്‍, സാമന്ത, സ്വര ഭാസ്‌കര്‍, ദിയ മിര്‍സ, ഗൗഹര്‍ ഖാന്‍, ഫാത്തിമ സന ഷെയ്ഖ്, കീര്‍ത്തി സുരേഷ്, രാധിക ആപ്‌തെ, ആമി ജാക്‌സണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കരീന കപൂര്‍, രശ്മിക മന്ദാന, സൊനാക്ഷി സിന്‍ഹ, റിച്ച ഛദ്ദ, ഹണി സിങ്ങ്, നോറ ഫത്തേഹി, ദിയ മിര്‍സ, സോനം കപൂര്‍ തുടങ്ങി നിരവധി ബോളിവുഡ്, കോളിവുഡ് സെലിബ്രിറ്റികളാണ് ഇന്‍സ്റ്റഗ്രാമില്‍ 'ഓള്‍ ഐസ് ഓണ്‍ റഫ' എന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ചിഹ്നമായ വാട്ടര്‍മെലന്‍ ബാഗുമായി എത്തിയ മലയാളി താരം കനി കുസൃതിയും ഏറെ ചര്‍ച്ചയായിരുന്നു. ഗോള്‍ഡന്‍ പാമിന് വേണ്ടി മത്സരിക്കുന്ന 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ പ്രീമിയര്‍ ഷോക്ക് പങ്കെടുക്കാന്‍ എത്തിയതായിരുന്നു കനി കുസൃതി.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു റഫയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്‌റാഈല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ ആഗോള രോഷത്തിന് ഇത് കാരണമായി.
ഇസ്‌റാഈയല്‍ സൈന്യം കൊന്നുകളഞ്ഞ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളുമാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. വെടിയുണ്ട തുളച്ചുകളഞ്ഞ കുഞ്ഞിന്റെ തലയും പിടിച്ച് നില്‍ക്കുന്ന രക്ഷാപ്രവര്‍ത്തകരും, കഴുത്തറ്റുപോയ ഉടലില്‍ ബാക്കിയായ കുഞ്ഞുമകളുടെ ശരീരം ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന പിതാവും. ബോംബുകള്‍ തുപ്പിയ തീയില്‍ വെന്ത് നീറിപ്പോയ കുഞ്ഞുടലുകള്‍ പിടിച്ച് അലമുറയിട്ട് കരയുന്ന മാതാപിതാക്കളുടെ ചിത്രങ്ങളും വിഡിയോകളും മനുഷ്യരായവര്‍ക്ക് കാണാവുന്നതിവലുമപ്പുറമാണ്.
വെന്തുമരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടും. നിരവധി കുട്ടികളുടെ ചിന്നിച്ചിതറിയ ശരീരങ്ങള്‍ സ്ഥലത്തുനിന്നു കിട്ടിയെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തിക്കരിഞ്ഞ ശരീരങ്ങള്‍. ചിന്നിച്ചിതറിയ കൈക്കാലുകള്‍. പൊള്ളലേല്‍ക്കുകയും അംഗവിഹീനരാകുകയും ചെയ്ത കുട്ടികളും സ്ത്രീകളും വയോധികരുമാണ് എല്ലായിടത്തും.
റഫയിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകളാണ് എല്ലാവര്‍ക്കും പങ്കുവെക്കാനുള്ളത്.'ഞങ്ങളെല്ലാം ടെന്റില്‍ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ക്യാംപില്‍ ബോംബ് പതിക്കുന്നത്. കുടുംബത്തിലെ അഞ്ചുപേരെ എനിക്ക് നഷ്ടപ്പെട്ടു. എല്ലാവരും പൂര്‍ണമായി കത്തിക്കരിഞ്ഞിരുന്നു. ഗര്‍ഭിണിയായ ഒരു സ്ത്രീയും അക്കൂട്ടത്തിലുണ്ട്. ഈ ആക്രമണം നടക്കുംവരെ ഇവിടം സുരക്ഷിതമാണെന്നാണ് അവര്‍ എപ്പോഴും പറഞ്ഞിരുന്നത്.' ഇന്നലെ റഫായിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ അല്‍ജസീറയോട് പങ്കുവയ്ക്കുന്നു മാജിദ് അല്‍അത്താര്‍ എന്നയാള്‍. ഒക്ടോബര്‍ ഏഴിനുശേഷം ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് വടക്കന്‍ ഗസ്സയിലെ ബെയ്ത് ലാഹിയയില്‍നിന്ന് കുടുംബത്തോടൊപ്പം റഫയിലേക്കു പലായനം ചെയ്തതായിരുന്നു മാജിദ്. യു.എന്‍ സംരക്ഷണമുള്ള മേഖല സുരക്ഷിതമാണെന്നായിരുന്നു ഇന്നലെ രാത്രിവരെ മാജിദും കുടുംബവുമെല്ലാം വിശ്വസിച്ചിരുന്നത്.
നിരവധി കുട്ടികളുടെ ശരീരങ്ങള്‍ സ്ഥലത്തുനിന്നു കിട്ടിയെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തം മുഹമ്മദ് അല്‍മുഗയ്യിര്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് വെളിപ്പെടുത്തുന്നു. ''കത്തിക്കരിഞ്ഞ ശരീരങ്ങള്‍. ചിന്നിച്ചിതറിയ കൈക്കാലുകള്‍. പൊള്ളലേല്‍ക്കുകയം അംഗവിഹീനരാകുകയും ചെയ്ത കുട്ടികളും സ്ത്രീകളും വയോധികരും.''ഇതൊക്കെയായിരുന്നു അവിടത്തെ കാഴ്ചകള്‍. മുഗയ്യിര്‍ വിവരിക്കുന്നു.
ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍നിന്നു പലായനം ചെയ്തവരാണ് തല്‍ അല്‍സുല്‍ത്താനില്‍ ടെന്റ് കെട്ടി താമസിക്കുന്നത്. ഇവര്‍ക്കുമേലാണിപ്പോള്‍ ഇസ്‌റാഈല്‍ 907 കി.ഗ്രാം ഭാരമുള്ള ബോംബുകള്‍ വര്‍ഷിച്ചതെന്ന് ഗസ്സ മീഡിയ ഓഫിസ് പറഞ്ഞു. മേഖലയില്‍ യു.എന്‍ അംഗീകാരമുള്ള അഭയാര്‍ഥി ക്യാംപുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന പത്താമത്തെ ആക്രമണമാണിത്. റഫയില്‍ ഇന്നും സയണിസ്റ്റ് സേന ആക്രമണം തുടരുകയാണ്. ഇസ്‌റാഈല്‍ നടത്തിവരുന്ന അതിക്രമങ്ങളില്‍ ഇതുവരെ 36,000ത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇത് വെറുമൊരു നമ്പറല്ല. മനുഷ്യരാണ്. കിനാക്കളും സ്വപ്‌നങ്ങളുമുണ്ടായിരുന്നവര്‍. ഉപരോധങ്ങളിലും സന്തോഷത്തിന്റെ ലോകം കെട്ടിപ്പടുത്തവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."