പഠനത്തിന് സാമ്പത്തികം ഇനിയൊരു പ്രശ്‌നമല്ല; പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള അഞ്ച് സ്‌കോളര്‍ഷിപ്പുകള്‍ പരിചയപ്പെടാം
പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]
സി.ബി.എസ്.ഇ ഒറ്റപെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്
പ്ലസ് ടു തലത്തില്‍ സി.ബി.എസ്.ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷന്‍) സ്‌കൂളില്‍നിന്ന് 60 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച പെണ്‍കുട്ടികള്‍ക്ക് സി.ബി.എസ്.ഇ നല്‍കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പാണിത്. പ്രതിമാസം 500 രൂപ വീതം രണ്ടുവര്‍ഷം ലഭിക്കും. രക്ഷിതാക്കള്‍ക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. അത് പെണ്‍കുട്ടിയായിരിക്കണം. എന്നാല്‍ ഒരുമിച്ച് ജനിച്ച എല്ലാ പെണ്‍കുട്ടികളെയും 'ഒറ്റ പെണ്‍കുട്ടി' യായി പരിഗണിക്കും. വിശദവിവരങ്ങള്‍ cbse.gov.in ല്‍.
പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്ദിരാഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് സ്‌കീം
നോണ്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് യു.ജി.സി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. റെഗുലര്‍ പoനമായിരിക്കണം. പ്രവേശന സമയത്ത് 30 വയസ്സ് വരെയാകാം.രണ്ടുവര്‍ഷവും 36200 രൂപ വീതം ലഭിക്കും. വിശദവിവരങ്ങള്‍ scholarship.gov.in
പ്രഗതി സ്‌കോളര്‍ഷിപ്പ് (ടെക്‌നിക്കല്‍ ഡിപ്ലോമ)
സാങ്കേതിക മേഖലയില്‍ ഡിപ്ലോമ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് എ.ഐ.സി.ടി.ഇ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്. പ്രതിവര്‍ഷം 50,000 രൂപ വീതം മൂന്നുവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിക്കും. വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്.
ഒന്നാംവര്‍ഷം അപേക്ഷ സമര്‍പ്പിക്കണം. ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷം പ്രവേശനം നേടിയവര്‍ക്കും അപേക്ഷ നല്‍കാം.
വെബ്‌സൈറ്റ്: scholarship.gov.in
സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്
കേരളത്തിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം,ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയ്ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പ്പെട്ട (മുസ് ലിം ,ലാറ്റിന്‍, കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ ) പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. സംസ്ഥാന ന്യൂനപക്ഷ വകുപ്പാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ബിരുദപഠനത്തിന് 5000 രൂപ, ബിരുദാനന്തര ബിരുദത്തിന് 6000 രൂപ, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 7000 രൂപ വീതമാണ് ഓരോ വര്‍ഷവും ലഭിക്കുന്നത്. ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡ് ഇനത്തില്‍ 13000 രൂപയും പ്രതിവര്‍ഷം നല്‍കുന്നുണ്ട്. എന്നാല്‍ ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനേ അപേക്ഷിക്കാന്‍ പറ്റുകയുള്ളൂ. കുടുംബവാര്‍ഷിക വരുമാനം 4.5 ലക്ഷത്തില്‍ കവിയരുത്. വെബ്‌സൈറ്റ്:
www.minortiywelfare.kerala.gov.in.
വിവേകാനന്ദ ഒറ്റപ്പെണ്‍കുട്ടി ഫെലോഷിപ്പ്
അംഗീകൃത സ്ഥാപനത്തില്‍നിന്ന് സാമൂഹ്യശാസ്ത്രത്തില്‍ പിഎച്ച്.ഡി ചെയ്യാന്‍ കുടുംബത്തിലെ ഒറ്റ പെണ്‍കുട്ടിക്ക് യുജിസി നല്‍കുന്ന ഫെലോഷിപ്പ്. അഞ്ചുവര്‍ഷം ഫെലോഷിപ്പ് ലഭിക്കും. (ആദ്യ രണ്ടു വര്‍ഷം പ്രതിമാസം 25,000 രൂപയും തുടര്‍ന്ന് 28,000 രൂപയും ). പുറമേ കണ്ടിന്‍ജന്‍സി ഗ്രാന്‍ഡും ലഭിക്കും. വെബ്‌സൈറ്റ്:Indianscienceandtechnology.gov.in.
ഇവ കൂടാതെ പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്ന പൊതുവായ നിരവധി സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."