ഇനി അവശ്യസാധനങ്ങൾ 30 മിനിറ്റിനുള്ളിൽ വീട്ടിലെത്തും; സ്മാർട്ട് പദ്ധതിയുമായി ജിയോ മാർട്ട്
അടുക്കളയിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ പലപ്പോഴും ഇല്ലെന്ന് അറിയുന്നത് പാചകം ചെയ്യാൻ നോക്കുമ്പോൾ ആയിരിക്കും. ആ സമയത്ത് കടയിലേക്ക് പോകലും ആളെ പറഞ്ഞയക്കലും എല്ലാം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി 30 മിനിറ്റിനുള്ളിൽ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ് റിലയൻസ് റീട്ടെയിലിന്റെ ജിയോ മാർട്ട്. അടുത്ത മാസം പദ്ധതിക്ക് തുടക്കമാകും. ആദ്യഘട്ടത്തിൽ എട്ട് പ്രധാന മെട്രോ നഗരങ്ങളിൽ 30 മിനിറ്റിനുള്ളിൽ ഡെലിവറി സേവനം ആരംഭിക്കും.
തുടക്കത്തിൽ എട്ട് നഗരങ്ങളിൽ ആരംഭിക്കുന്ന പദ്ധതി വൈകാതെ 20 മുതൽ 30 വരെ വൻ നഗരങ്ങളിലേക്ക് ആ സേവനം വ്യാപിപ്പിക്കും. ക്രമേണ ഇത് രാജ്യത്തെ മറ്റ് ഭാഗങ്ങളിലും ആരംഭിക്കും. ജിയോമാർട്ട് എക്സ്പ്രസ് എന്ന പേരിൽ 90 മിനിറ്റിനുള്ളിൽ പലചരക്ക് വിതരണം നടത്തുന്ന സേവനം അവസാനിപ്പിച്ച് ഒരു വർഷത്തിന് ശേഷമാണ് റിലയൻസ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.
നിലവിൽ ജിയോമാർട്ടിന്റെ വിതരണ ശൃംഖലയിൽ 3,500-ലധികം സ്റ്റോറുകളുണ്ട്. ജിയോമാർട്ട് വഴിയുള്ള വിൽപ്പന വർഷം തോറും ഏകദേശം 94 ശതമാനം വർധനയാണ് കൈവരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന ക്വിക് കോമേഴ്സ് എന്നറിയപ്പെടുന്ന ഈ രംഗം 5 ബില്യൺ ഡോളർ വാർഷിക വിൽപ്പനയുള്ള മേഖലയാണ്.
ആദ്യ ഘട്ടത്തിൽ 30 മിനിറ്റിനുള്ളിൽ ഗ്രോസറി സാധനങ്ങളാണ് എത്തിക്കുന്നതെങ്കിലും പിന്നീട് ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങിയ മറ്റ് വിഭാഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിച്ചേക്കും. നിലവിൽ, സ്വിഗ്ഗി, സെപ്‌റ്റോ, ബ്ലിങ്ക്ഇറ്റ് എന്നിവയാണ് ക്വിക്ക് കൊമേഴ്‌സ് വിഭാഗത്തിലെ പ്രധാന കമ്പനികൾ. മറ്റ് പരമ്പരാഗത ഇ-കൊമേഴ്‌സ് മേഖലകളേക്കാൾ 4-5 മടങ്ങ് വേഗത്തിലാണ് ക്വിക് കോമേഴ്സിന്റെ വളർച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."