കലാകാരന്മാരുടെ നിലനില്‍പ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം.ടി
കോഴിക്കോട്: കലാകാരന്മാരുടെ നിലനില്‍പ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം.ടി വാസുദേവന്‍ നായര്‍. മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും മതില്‍ക്കെട്ടുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. അവയെ തകര്‍ക്കാനും നന്മയുടെ ഉറവയെ സമൂഹത്തിലെത്തിക്കാനുമുള്ള കൂട്ടായ്മയായാണ് നന്മയെ കാണുന്നത്. ഇന്നത്തെ സമൂഹത്തില്‍ അവശകലാകാരന്മാര്‍ വിസ്മരിക്കപ്പെടുകയാണെന്നും അവരെ സഹായിക്കുന്നതിന് നന്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി.
തുടര്‍ന്ന് ഗായകന്‍ സതീഷ് ബാബു, ഗായിക സിബില്ല സദാനന്ദന്‍, നടന്‍ വിക്രമന്‍ നായര്‍, നടി വിജയലക്ഷ്മി ബാലന്‍, നര്‍ത്തകി വസന്ത ലക്ഷ്മി, ചിത്രകാരന്‍ മദനന്‍, സംഗീത പി.എഫ് രാജു എന്നിവരെയും സ്വാഗതഗാനം രചിച്ച കാനേഷ് പൂനൂരിനെയും ലോഗോ വിഭാവനം ചെയ്ത എ.കെ പ്രമോദിനെയും ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വി.എന്‍ മുരളി, എം. ഭാസ്‌കരന്‍, കെ.എസ് കോയ, വില്‍സണ്‍ സാമുവല്‍ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സര്‍ഗ വനിതാ സമ്മേളനം ജാനമ്മ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."