മോദി പ്രസംഗങ്ങളില്‍ നിറഞ്ഞ് കോണ്‍ഗ്രസും മുസ്‌ലിമും മന്ദിറും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലുടനീളം വിദ്വേഷവും വിവാദവും പരിഹാസവും നിറഞ്ഞുനില്‍ക്കുകയാണെന്ന ആക്ഷേപത്തിനിടെ, അതീവഗൗരവമുള്ള ജനകീയ വിഷയങ്ങള്‍ അദ്ദേഹം ഒഴിവാക്കിയതായി കണക്കുകള്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 255 പ്രസംഗങ്ങളാണ് നടത്തിയത്.
പ്രസംഗങ്ങളില്‍ മോദി ഏറ്റവുമധികം ഉപയോഗിച്ച വാക്ക് കോണ്‍ഗ്രസ് എന്നാണ്. 2942 തവണയാണ് മോദി കോണ്‍ഗ്രസ് എന്ന് പരാമര്‍ശിച്ചത്. അത് കഴിഞ്ഞ് സ്വന്തം പേരായ 'മോദി' (2862) എന്നും ഉപയോഗിച്ചു. പാവപ്പെട്ടവര്‍ (949), എസ്.സി/എസ്.ടി/ഒ.ബി.സി (780), വികസനം (633), ഇന്‍ഡ്യാ മുന്നണി (518), മോദിയുടെ ഗ്യാരണ്ടി (342), അഴിമതി (341), മുസ് ലിം (286), രാമക്ഷേത്രം (244), സ്ത്രീകള്‍ (244), വികസിത ഭാരതം (119), പാകിസ്ഥാന്‍ (104), കുടുംബാധിപത്യം (91), തൊഴില്‍ (91), പ്രതിപക്ഷം (35), ആത്മബനിര്‍ഭര്‍ ഭാരത് (23) എന്നിങ്ങനെയാണ് പിന്നീട് കൂടുതലായി ഉപയോഗിച്ച പദങ്ങള്‍.
പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ദി ക്വിന്റ് ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടം നിലവില്‍വന്ന മാര്‍ച്ച് 16 മുതല്‍ മെയ് 28 വരെയുള്ള പ്രസംഗങ്ങളിലെ കണക്കുകളാണ് ദി ക്വിന്റ് പരിശോധിച്ചത്.
മോദിക്ക് ഇഷ്ടം വിവാദ വിഷയങ്ങള്‍ മാത്രം: ഖാര്‍ഗെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിവാദ വിഷയങ്ങള്‍ മാത്രമാണ് ഇഷ്ടമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെരഞ്ഞെടുപ്പ് പ്രചാരണറാലികള്‍ നടത്തിയ പ്രസംഗങ്ങളില്‍ മന്ദിര്‍, മസ്ജിദ്, മുസ്ലിം എന്നിങ്ങനെയാണ് അദ്ദേഹം കൂടുതലായും ഉപയോഗിച്ചത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് അഭ്യര്‍ഥിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങള്‍ മോദി പാലിച്ചില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
421 തവണയാണ് അദ്ദേഹം മന്ദിര്‍, മസ്ജിദ്, മുസ്ലിം എന്നിങ്ങനെയുള്ള പരാമര്‍ശം നടത്തിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ മോദി നടത്തിയ പ്രസംഗത്തില്‍ 232 തവണ കോണ്‍ഗ്രസിന്റെ പേരും 758 തവണ സ്വന്തം പേരും പറഞ്ഞു. എന്നാല്‍ രാജ്യത്തെ ഏറ്റവും ഗൗരവമുള്ള വിഷയമായ തൊഴിലില്ലായ്മ എന്ന പദം അദ്ദേഹം പരാമര്‍ശിച്ചതേയില്ലെന്നും ഖാര്‍ ഗെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."