അഡ്മിന്മാർ സൂക്ഷിച്ചോ... തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടി
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഫലം പ്രൈദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടതായിരിക്കും നാളത്തെ ദിവസം എല്ലാവരുടെയും ചർച്ച. സാമൂഹിക മാധ്യമങ്ങളും ഇത്തരം ചർച്ചകളുടെ പ്രധാന വേദിയായി മാറും. എന്നാൽ ഇതുവഴി തെറ്റിദ്ധാരണകളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. ഫെസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, എക്‌സ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാൻ പാടില്ല. ഇങ്ങനെ പോസ്റ്റ് ചെയ്യുന്നവർക്കും അവ ഷെയർ ചെയ്യുന്നവർക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കും.
പോസ്റ്ററുകൾ, വിഡിയോകൾ, ടെക്സ്റ്റ് - ശബ്ദ സന്ദേശങ്ങൾ തുടങ്ങി ഏത് രൂപത്തിലുള്ള തെറ്റിദ്ധാരണകൾ പരത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കും അവ പ്രചരിപ്പിക്കുന്നവർക്കുമെതിരെ നടപടി സ്വീകരിക്കും.' വാട്‌സ്ആപ്പ്, ഗ്രൂപ്പുകളിൽ ഇത്തരം ഉള്ളടക്കങ്ങൾ വന്നാൽ ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കെതിരെ നടപടി വരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
അതേസമയം, വാർത്തകളുടെ നിജസ്ഥിതി എളുപ്പത്തിൽ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തിൽ സെല്ലിന് രൂപം നൽകുമെന്നും, സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."