എല്ലാം മുകളിലിരുന്ന് കാണുന്നുണ്ട്, പക്ഷേ ... നടപടികളില്ല; എ.ഐ കാമറ വഴി പിഴ ചുമത്തുന്നത് നാലിലൊന്നായി കുറഞ്ഞു
നിലമ്പൂര്‍: നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് സ്ഥാപിച്ച എ.ഐ കാമറകള്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നുണ്ടെങ്കിലും പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ കുറഞ്ഞു. സര്‍ക്കാര്‍ നല്‍കേണ്ടുന്ന ഗഡു തുക ലഭിക്കാതായതോടെ പണമില്ലെന്ന് കാണിച്ച് ചെല്ലാന്‍ അയയ്ക്കുന്നത് കെല്‍ട്രോണ്‍ കുറച്ചിരിക്കുകയാണ്.
പിഴ രേഖപ്പെടുത്തേണ്ടതും ആര്‍.സി ഉടമയ്ക്ക് അയക്കേണ്ടതും കെല്‍ട്രോണ്‍ ജീവനക്കാരാണ്. 14 കണ്‍ട്രോള്‍ റൂമുകളായി 145 ജീവനക്കാരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ നിയമിച്ചിരുന്നത്. ജീവനക്കാരില്‍ ഭൂരിഭാഗം പേരേയും പിന്‍വലിച്ചു. 100 നിയമലംഘനങ്ങള്‍ കാമറ പകര്‍ത്തുമ്പോള്‍ ഇതില്‍ 10 മുതല്‍ 20 വരെ എണ്ണത്തില്‍ മാത്രമേ പിഴ ചുമത്തുന്നുള്ളു. മുന്‍പ് 33,000 ചെല്ലാനുകള്‍ അയച്ചിരുന്നുവെങ്കിലും ഇപ്പോള്‍ 10,000ല്‍ താഴെമാത്രമേ അയക്കുന്നുള്ളു. കഴിഞ്ഞ ജൂണ്‍ 5നാണ് പദ്ധതി നടപ്പിലാക്കിയത്. ഇതുവരെ 39 ലക്ഷം ചല്ലാനുകള്‍ ജനറേറേറ്റ് ചെയ്തതില്‍ 17.5ലക്ഷം ചല്ലാനുകള്‍ തപാലില്‍ അയച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 5ന് സംസ്ഥാനത്തൊട്ടാകെ 726 എ.ഐ കാമറകളാണ് കെല്‍ട്രോണ്‍ സ്ഥാപിച്ചത്. 232 കോടി രൂപയാണ് പദ്ധതിക്ക് സര്‍ക്കാര്‍ ചെലവ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തിലൊരിക്കല്‍ കെല്‍ട്രോണിന് 11.79 കോടി രൂപ നല്‍കണം. പിഴ തുകയില്‍ നിന്നാണ് പണം നല്‍കേണ്ടത്. പദ്ധതിയുടെ ആദ്യ ഗഡു 11.79 കോടി രൂപ കെല്‍ട്രോണിനു നല്‍കാന്‍ നവംബര്‍ 18ന് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും തുക ലഭിക്കാന്‍ വൈകി.
രണ്ടാം ഗഡു നല്‍കാന്‍ കോടതി അനുവദിച്ചെങ്കിലും സര്‍ക്കാര്‍ കൈമാറിയല്ല. മൂന്നാം ഗഡു കൂടി വേണമെന്ന് ആവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ഹര്‍ജിക്കാര്‍ എതിര്‍ത്തതോടെ അതും ലഭിച്ചില്ല. കാമറ പ്രവര്‍ത്തിപ്പിക്കാത്തതുമൂലം പിഴ വരുമാനത്തില്‍ സര്‍ക്കാറിന് കോടികളാണ് നഷ്ടമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."