വടകരയില്‍ പ്രത്യേകസേനാവിന്യാസം; വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നാളെ വരെ നിരോധനാജ്ഞ
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വടകരയില്‍ പ്രത്യേക സേനാവിന്യാസം നടത്തുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. വടകരയിലെ ആഹ്ലാദ പരിപാടികള്‍ നേരത്തേ അറിയിക്കണം. അതീവ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലിസുകാരെ നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം എജ്യുക്കേഷന്‍ കോംപ്ലക്‌സിനു സമീപം ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വടകര ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പൊലിസ് സുരക്ഷയേര്‍പ്പെടുത്തുമെന്ന് റൂറല്‍ എസ്.പി. ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ശക്തമായി ഇടപെടും. വടകര ഉള്‍പ്പെടുന്ന കോഴിക്കോട് റൂറല്‍ പോലീസ് ജില്ലയിലെ ബറ്റാലിയനില്‍ നിന്നുള്ള ആറ് കമ്പനി സേന ഉള്‍പ്പെടെ 1600 ഓളം പൊലിസുകാര്‍ സുരക്ഷയ്ക്കായി രംഗത്തിറങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രകടനങ്ങള്‍ വൈകിട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്ന് നേരത്തേ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു. അക്രമ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി നാദാപുരത്ത് 50 പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മുന്നൂറോളം പൊലിസുകാരെ ഇവിടെ നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."