വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം; ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി
വളാഞ്ചേരി: വിദ്യാര്‍ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു ബസുകള്‍ മിന്നല്‍ പണിമുടക്കു നടത്തി. വളാഞ്ചേരി ബസ് സ്റ്റാന്റില്‍ വിദ്യാര്‍ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘര്‍ഷത്തിലും പണിമുടക്കിലും കലാശിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു സംഭവങ്ങളുടെ തുടക്കം.
ബസ് സ്റ്റാന്റില്‍ വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നത്തിനു പരിഹാരം കാണുന്നതിനും ബസ് ജീവനക്കാരുമായി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും എസ്.എഫ്.ഐ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാര്‍ഥി സൗഹൃദ വിംഗ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതനുസരിച്ചു വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുന്നതിനു 10 അംഗ സ്ക്വാഡ് വൈകുന്നേരം ആറുവരെ സ്റ്റാന്‍ഡിലുണ്ടാകും. രണ്ടു വിദ്യാര്‍ഥികളെ ബസില്‍ കയറ്റാന്‍ വിദ്യാര്‍ഥി സംഘം ആവശ്യപ്പെട്ടതു ജീവനക്കാര്‍ നിരസിച്ചതോടെയാണു തര്‍ക്കമുണ്ടായത്. ബസ് വഴിയില്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തുപോയതോടെ സ്റ്റാന്റില്‍ ഗതാഗതക്കുരുക്കു രൂക്ഷമാക്കി.
ഇതു സംഘര്‍ഷത്തിനും കാരണമായി. ഇതിനിടെ ബസിന്റെ സൈഡ് ഗ്ലാസ് ആരോ തകര്‍ത്തു. ബസ് ജീവനക്കാര്‍ക്കു നേരെ വിദ്യാര്‍ഥികള്‍ സംഘര്‍ഷം നടത്തുകയാണെന്നാരോപിച്ചു ജീവനക്കാര്‍ ഓട്ടം നിര്‍ത്തിവെക്കുകയായിരുന്നു. ബസുകള്‍ മിന്നല്‍ പണിമുടക്കു പ്രഖ്യാപിച്ചതോടെ വിദ്യാര്‍ഥികളും യാത്രക്കാരും ദുരിതത്തിലായി. വിദ്യാര്‍ഥികളും ബസ് ജീവനക്കാരും ടൗണില്‍ പ്രകടനം നടത്തി. പൊലിസ് സംഭവ സ്ഥലത്തെത്താന്‍ വൈകിയതില്‍ നാട്ടുകാര്‍ രോഷാകുലരായി. സ്റ്റാന്‍ഡില്‍ പൊലിസിന്റെ സാന്നിധ്യമില്ലാത്തതാണു പ്രശ്നങ്ങള്‍ക്കു കാരണമാണെന്നാണു നാട്ടുകാരും ബസ് ജീവനക്കാരും ആരോപിക്കുന്നു.
വളാഞ്ചേരി എസ്.ഐ കെ.പി.മിഥുന്, കല്പകഞ്ചേരി എസ്.ഐ.ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്ത് എത്തി. ഇരുക്കൂട്ടരേയും സ്റ്റേഷനിലേക്കു വിളിച്ചു ചര്‍ച്ച ചെയ്തങ്കിലും രാത്രി വൈകിയും പ്രശ്നത്തിനു പരിഹാരമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."