തനിച്ച് ഭൂരിപക്ഷം ഇല്ലാതെ BJP; 2014ന് ശേഷം ആദ്യം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം ലഭിക്കാതെ ബി.ജെ.പി. 543 അംഗ ലോക്സഭയില്‍ കേവലഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ പിന്നിട്ടതോടെ 239 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ ഇപ്പോള്‍ 298 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. പത്തുവര്‍ഷത്തിന് ശേഷമാണ് ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നേടാന്‍ കഴിയാതിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 282 സീറ്റുകള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിച്ച് 303 സീറ്റുകളും നേടി.
ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും പഞ്ചാബിലും കര്‍ണാടകയിലും പശ്ചിമബംഗാളിലുമെല്ലാം ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. കര്‍ഷക സമരങ്ങളുടെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പി ഇല്ല. 13 സീറ്റില്‍ 10 സീറ്റില്‍ ഇന്‍ഡ്യാ മുന്നണിയാണ് മുന്നേറുന്നത്. 3 സീറ്റില്‍ മറ്റുള്ളവരും ഇവിടെ മുന്നേറുന്നു. ഏഴ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് ആം ആദ്മി ശിരോമണി ആകാലി ദള്‍ ഒരു സീറ്റില്‍ എന്നിങ്ങനെയാണ് നില.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അടുപ്പിക്കാത്ത തമിഴ്നാട്ടില്‍ പാര്‍ട്ടി താരസ്ഥാനാര്‍ഥിയായ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ബഹുദൂരം പിന്നിലാണ്. ബി.ജെ.പിയുടെ 'സിങ്കം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അണ്ണാമലൈ കോയമ്പത്തൂരില്‍ 8000ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്. ഡി.എം.കെയുടെ ഗണപതി രാജ്കുമാറാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."