തലസ്ഥാനത്ത് അടിപതറി; പഞ്ചാബില്‍ നേട്ടം കൊയ്ത് എ.എ.പി
ന്യൂഡല്‍ഹി: തലസ്ഥാനത്ത് കാലിടറി ആംആദ്മി. മത്സരിച്ച 22 സീറ്റുകളില്‍ 19 സീറ്റുകളിലും എ.എ.പി പിന്നിലായി. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിച്ചിട്ടും നേട്ടം കൊയ്യാന്‍ സാധിച്ചില്ല. ഡല്‍ഹിയില്‍ ഏഴ് സീറ്റുകളിലും ലീഡ് ചെയ്ത ബി.ജെ.പിക്ക് ഹാട്രിക് നേട്ടം സ്വന്തമാക്കാനും കഴിഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ജയിലിലായതിന്റെ സഹതാപം വോട്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് ഫലങ്ങളില്‍ കാണുന്നത്. കൂടാതെ പാര്‍ട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളിന് നേരെയുണ്ടായ കയ്യേറ്റവും എ.എ.പിയെ പ്രതികൂലമായി ബാധിച്ചു.
അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസും എ.എ.പിയും വെവ്വേറെ മത്സരിക്കാനായിരുന്നു തീരുമാനിച്ചത്. ആകെ 13 സീറ്റില്‍ നിലവില്‍ കോണ്‍ഗ്രസ് ഏഴ് സീറ്റിലും എ.എ.പി. മൂന്ന് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ശിരോമണി അകാലിദള്‍ ഒരു സീറ്റിലും രണ്ട് സീറ്റില്‍ സ്വതന്ത്രരും ലീഡ് ചെയ്യുന്നു.
പത്ത് ലോക്‌സഭാ സീറ്റുകളുള്ള ഹരിയാണയില്‍ ഇന്ത്യസഖ്യത്തിലെ ധാരണപ്രകാരം ഒന്‍പത് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ എ.എ.പിയുമാണ് മത്സരിച്ചത്. മത്സരിച്ച ഏകമണ്ഡലമായ കുരുക്ഷേത്രയില്‍ എ.എ.പി.ക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
26 ലോക്‌സഭാ മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ 24 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എ.എ.പി. രണ്ട് സീറ്റിലും മത്സരിച്ചു. എന്നാല്‍ രണ്ട് കൂട്ടര്‍ക്കും നേട്ടമുണ്ടാക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."