മമതയെ വിടാതെ ബംഗാള്‍; 'ഇന്‍ഡ്യ' കക്ഷികളുടെ പോരും ബി.ജെ.പിയെ തുണച്ചില്ല
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രതീക്ഷയോടെ പോരിനിറങ്ങിയ ബി.ജെ.പിക്ക് സിറ്റിങ് സീറ്റുകള്‍ പോലും നിലനിര്‍ത്താനായില്ല. ആകെയുള്ള 42ല്‍ 29 സീറ്റുകളും തനിച്ച് മത്സരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേടി. 2019നെ അപേക്ഷിച്ച് ഏഴ് സീറ്റുകളാണ് തൃണമൂല്‍ അധികമായി നേടിയത്. ബി.ജെ.പിക്കാകട്ടെ ആറു സീറ്റുകള്‍ കുറയുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കൈയിലുണ്ടായിരുന്ന രണ്ടു സീറ്റുകള്‍ ഒന്നായി ചുരുങ്ങുകയും ചെയ്തു.
2014ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകളാണ് തൃണമൂല്‍ നേടിയത്. സര്‍വസന്നാഹവുമുപയോഗിച്ച് മോദിയും അമിത്ഷായും തമ്പടിച്ച് പ്രചാരണം നടത്തിയ 2019ല്‍ 43.7 ശതമാനം വോട്ടുകളോടെ 22 സീറ്റുകളാണ് സ്വന്തമാക്കിയിരുന്നത്. 2014ല്‍ രണ്ട് സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിയുടെ നേട്ടം 2019ല്‍ 18 ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകളും ലഭിച്ചു. ഇത്തവണ സന്ദേശ്ഖാലി ഉള്‍പ്പെടെയുള്ള വിഷയങ്ങളും തീവ്രഹിന്ദുത്വ കാര്‍ഡും ഇറക്കിയതോടെ ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നായിരുന്നു കരുതിയിരുന്നത്. എക്സിറ്റ്പോള്‍ ഫലങ്ങളും ഈ രീതിയിലുള്ള പ്രവചനങ്ങളാണ് നടത്തിയത്. എന്നാല്‍, ഇതൊന്നും ബംഗാളി മനസിനെ കാര്യമായി സ്വാധീനിച്ചില്ല.
ബി.ജെ.പിക്കെതിരായ ദേശീയതലത്തിലെ കൂട്ടായ്മയായ ഇന്‍ഡ്യ മുന്നണിയുടെ രൂപീകരണസമയത്ത് മുന്നണിയുടെ മുഖമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസും അതിന്റെ നേതാവ് മുഖ്യമന്ത്രി മമത ബാനര്‍ജിയും. എന്നാല്‍, മുന്നണി സംവിധാനം ദുര്‍ബലമാക്കി തനിച്ച് മത്സരിക്കുകയാണ് മമത ചെയ്തത്.
മറുപക്ഷത്താകട്ടെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് ശക്തമായ ത്രികോണമത്സരത്തിന് കളമൊരുങ്ങുകയുണ്ടായി. ഇന്‍ഡ്യാ മുന്നണിയില്‍പ്പെട്ട കക്ഷികള്‍ പരസ്പരം മത്സരിക്കുന്നത് ബി.ജെ.പിക്ക് ഗുണംചെയ്യുമെന്നും പാര്‍ട്ടി കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നും കരുതിയെങ്കിലും ഫലംപുറത്തുവന്നപ്പോള്‍ മമതയുടെ സ്വാധീനം കൂടുന്നതാണ് കണ്ടത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളാകട്ടെ ചിലയിടത്ത് മൃഗീയ ഭൂരിപക്ഷവും നേടി. കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്ന ജനറല്‍ സെക്രട്ടറിയും മമതയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജി ഏഴുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഡയമണ്ട് ഹാര്‍ബറില്‍ ജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് മൂന്നുലക്ഷത്തോളം വോട്ടുകള്‍ക്ക് വിജയിച്ച അഭിഷേക് ഇത്തവണ സര്‍വകാല റെക്കോഡും തിരുത്തിയാണ് വീണ്ടും ലോക്സഭയിലേക്കെത്തുന്നത്. ക്രിക്കറ്റ് താരം യൂസുഫ് പത്താനും കാലാവധി കഴിയുന്ന പാര്‍ലമെന്റില്‍നിന്ന് പുറത്താക്കപ്പെട്ട തീപ്പൊരി നേതാവ് മഹുവ മൊയ്ത്രയും മികച്ച വിജയം നേടിയതും മമതയുടെ മാറ്റുകൂട്ടി.
സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലായി തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നിന്നതും ഫലത്തില്‍ പ്രതിഫലിച്ചു. പ്രചാരണത്തിനിടെ കടുത്ത മുസ് ലിംവിരുദ്ധ പരാമര്‍ശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിയത്. വോട്ട് ജിഹാദ്, മുല്ല, ജനസംഖ്യ തുടങ്ങിയ വിവാദ പദപ്രയോഗങ്ങള്‍ മോദി നടത്തി.
അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് ബംഗാളില്‍നിന്ന് പൗരത്വത്തിന് അപേക്ഷിച്ചവര്‍ക്ക് സി.എ.എ പ്രകാരം പൗരത്വം നല്‍കുകയും ചെയ്തു. മോദിയുടെ ഇത്തരം വിവാദ നടപടികളൊന്നും പ്രയോജനം ചെയ്തില്ലെന്ന് ഫലം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."