ചുള്ളിയോട് ഗവ. എല്‍.പി സ്‌കൂളില്‍ കുട്ടികളുണ്ട്, ക്ലാസ് മുറികളില്ല; രണ്ട്, മൂന്ന് ക്ലാസുകളില്‍ നിന്നുള്‍പ്പെടെ 27 കുട്ടികള്‍ ടി.സി വാങ്ങിപോയി
ചുള്ളിയോട്: കുട്ടികളുടെ അഭാവം പ്രശ്നമായുള്ള നിരവധി സ്‌കൂളുകള്‍ക്കിടയില്‍ കുട്ടികള്‍ ഏറെയുണ്ടായിട്ടും ഇരുത്താന്‍ ഇടമില്ലാതെ ഒരു സ്‌കൂള്‍. ചുള്ളിയോട് ഗവ.എല്‍.പി സ്‌കൂളില്‍ നിന്നാണ് ഭൗതിക സാഹചര്യങ്ങളുടെ അഭാവം കാരണം ഇഷ്ടമില്ലാതിരുന്നിട്ടും വിദ്യാര്‍ഥികള്‍ ടി.സി വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. രണ്ട്, മൂന്ന് ക്ലാസുകളില്‍ നിന്നുള്‍പ്പെടെ 27 കുട്ടികളാണ് ഇത്തവണ ടി.സി വാങ്ങി കോളിയാടി, ആനപ്പാറ സ്‌കൂളുകളിലേക്ക് മാറിയത്.
മൂന്ന് ഡിവിഷനുള്ള കുട്ടികളുണ്ടായിട്ടും ഇതുവരെ കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കുകയോ അധ്യാപക നിയമനം നടത്തുകയോ ചെയ്യാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കോടികള്‍ ചെലവഴിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. കുട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ ക്ലാസ് മുറികളടക്കമുള്ള ഭൗതിക സാഹചര്യമില്ലെന്നതാണ് അധ്യാപക നിയമനം നടത്താത്തതിനുള്ള പ്രധാന കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍.കെ.ജി, യു.കെ.ജിക്ക് പുറമെ ഒന്ന് മുതല്‍ നാല് ക്ലാസുകളാണ് സ്‌കൂളിലുള്ളത്. പരിമിതമായ കെട്ടിട സൗകര്യത്തിലാണ് നാല് ക്ലാസ് മുറികളും ഓഫിസും പ്രവര്‍ത്തിക്കുന്നത്.
2017ല്‍ 70 കുട്ടികള്‍ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. പിന്നീട് രക്ഷിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇംഗ്ലീഷ് മീഡിയം ആരംഭിച്ചതോടെയാണ് വിദ്യാര്‍ഥികളുടെ എണ്ണം കൂടിയത്. ഇംഗ്ലീഷ് മീഡിയത്തിനുള്ള അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രപ്പോസല്‍ നല്‍കിയെങ്കിലും ഇതിലും തുടര്‍നടപടികളുണ്ടായിട്ടില്ല. എല്ലാവരെയും ഒന്നിച്ചിരുത്തിയാണ് മീഡിയം വിത്യാസമില്ലാതെ ക്ലാസെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തോടെ വിദ്യാര്‍ഥികളുടെ എണ്ണം 173 ആയതോടെ വരാന്തയിലേക്കും ക്ലാസ് നീളുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 2017ല്‍ പുതിയ കെട്ടിടത്തിനായി മൂന്നരകോടിയുടെ പ്രൊജക്ട് തയാറാക്കി നല്‍കിയതും ഫയലുകളില്‍ ഉറക്കം തുടരുകയാണ്. ഈ അധ്യായന വര്‍ഷത്തിന് മുമ്പെങ്കിലും ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരുന്നെങ്കില്‍ കുട്ടികള്‍ മറ്റ് സ്‌കൂളുകളിലേക്ക് പോകേണ്ട ഗതികേടുണ്ടാകില്ലായിരുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കാനുള്ള സൗകര്യവുമുണ്ട്. സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കുന്നതിന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുട്ടികളുടെ അഭാവം മൂലം മിക്ക സ്‌കൂളുകളിലും ഡിവിഷന്‍ ഫാള്‍ അനുഭവിക്കുന്ന സാഹചര്യത്തിലാണ് കുട്ടികളുണ്ടായിട്ടും ഭൗതിക സാഹചര്യങ്ങളുടെ അഭാവം കാരണം ചുള്ളിയോട് സ്‌കൂളില്‍ പ്രതിസന്ധി തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."