വീണ്ടും ഞെട്ടിക്കാൻ ഇൻഡിഗോ; പത്ത് പുതിയ സർവിസുകൾ ഉടൻ വരുന്നു, പുതിയ നഗരങ്ങളിലേക്ക് പറക്കാം
പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്താനുള്ള ഒരുക്കവുമായി ഇൻഡിഗോ. പത്ത് പുതിയ നഗരങ്ങളിലേക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാരിയറായ ഇൻഡിഗോ പറക്കാൻ ലക്ഷ്യമിടുന്നത്. മൗറീഷ്യസ്, തായ്‌ലൻഡ് ഉൾപ്പെടെയുള്ള പത്ത് അന്തർദേശീയവും ആഭ്യന്തരവുമായ നഗരങ്ങളിലേക്ക് വൈകാതെ സർവിസ് ആരംഭിക്കുമെന്ന് എയർലൈൻ സിഇഒ പീറ്റർ എൽബേഴ് പറഞ്ഞു. ദുബൈയിൽ നടന്ന ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ വാർഷിക പൊതുയോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
നിലവിൽ 88 ആഭ്യന്തര റൂട്ടുകളിലും 33 അന്താരാഷ്‌ട്ര റൂട്ടുകളിലുമാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ആകെ 122 സ്ഥലങ്ങളിലേക്കാണ് ഇൻഡിഗോ വിമാനങ്ങളെത്തുന്നത്. 360 ഓളം വിമാനങ്ങളുള്ള ഇൻഡിഗോയുടെ പ്രതിദിന സർവിസുകളുടെ എണ്ണം രണ്ടായിരത്തിലേറെയാണ്.
അന്താരാഷ്ട്ര റൂട്ടുകളിൽ വലിയ തോതിലുള്ള വിപുലീകരണമാണ് ഇൻഡിഗോ അടുത്തകാലത്തായി നടത്തുന്നത്. കൂടുതൽ വലിയ വിമാനങ്ങൾ കൊണ്ടുവരുന്നതും ബിസിനസ് ക്ലാസ് സൗകര്യം കൊണ്ടുവരുന്നതുമുൾപ്പെടെയുള്ള നിരവധി മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഇൻഡിഗോ. നിലവിൽ ഇൻഡിഗോക്ക് ഇക്കോണമി ക്ലാസ് മാത്രമാണ് ഉള്ളത്. എന്നാൽ ഇതാദ്യമായി ബിസിനസ് ക്ലാസ് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾ ഇൻഡിഗോയിൽ നടന്നുവരികയാണ്.
മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ സ്ത്രീകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ പ്രത്യേക പദ്ധതി കൊണ്ടുവന്നിരുന്നു. ഈ പദ്ധതി പ്രകാരം ചെക്ക് ഇൻ ചെയ്യുമ്പോൾ സ്ത്രീകൾക്ക് വിമാനത്തിലെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന് നേരത്തെ അറിയാന കഴിയും. ഇതുവഴി മറ്റ് സ്ത്രീ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ മനസിലാക്കി പുരുഷന്മാരുടെ അടുത്തോ, നടുക്കോ ഉള്ള സീറ്റുകൾ ഒഴിവാക്കി കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ സീറ്റുകൾ തിരഞ്ഞെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."