കൊച്ചിയിലെ പേമാരിക്ക് കാരണം മേഘവിസ്ഫോടനം തന്നെ; കാലാവസ്ഥ വകുപ്പിന്റെ സ്ഥിരീകരണം
തിരുവനന്തപുരം: കഴിഞ്ഞ മാസം 28ന് കൊച്ചിയെ മുക്കിയ മഴയ്ക്ക് കാരണമായത് മേഘവിസ്ഫോടനമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ്. പ്രദേശത്തെ മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് കണക്കാക്കിയാണ് സ്ഥിരീകരണം.
തൃക്കാക്കരയിലെ കുസാറ്റ് ക്യാമ്പസിലുള്ള അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച്ചില്‍ സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയില്‍ മണിക്കൂറില്‍ 103 മിമീ മഴ പെയ്തതായാണ് രേഖപ്പെടുത്തിയത്. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കളമശ്ശേരിയില്‍ ഐ.എം.ഡി സ്ഥാപിച്ചിട്ടുള്ള മഴമാപിനിയില്‍ ഇതേസമയം മണിക്കൂറില്‍ 100 മിമീ മഴയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ അന്നത്തേത് മേഘവിസ്ഫോടനമായി കണക്കാക്കുയാണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്ഫോടനമാണിത്. കൊച്ചി നഗരസഭാ മേഖലയിലും, തൃക്കാക്കര, കളമശ്ശേരി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലുമാണ് ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായത്.
കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. മേഘ വിസ്ഫോടനമുണ്ടാകുന്ന സ്ഥലത്ത് നിമിഷങ്ങള്‍ കൊണ്ട് വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. ഇടിയും മിന്നലുമുണ്ടാകും. മേഖല പ്രളയത്തിലാകും. ഒരു പ്രദേശത്ത് മണിക്കൂറില്‍ 100 മില്ലമീറ്ററില് കൂടുതല്‍ മഴ ലഭിച്ചാല്‍ അതിനെ മേഘവിസ്ഫോടനമെന്ന് വിശേശിപ്പിക്കാം. മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."