ഹിറ്റ്മാൻ ഹിറ്റ് @ ന്യൂയോർക്ക്
ന്യൂയോർക്ക്:അയർലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് വെറും 96 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ചപ്പോൾ 12.2 ഓവറിൽ ഇന്ത്യ അനായാസം വിജയത്തിലെത്തി.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളർമാർക്ക് അനുകൂലമായ പിച്ചിൽ അയർലൻഡ് ബാറ്റർമാർ ശരിക്കും വിയർത്തു. ഏഴാം നമ്പറിൽ ക്രീസിലെത്തിയ ഗാരെത് ഡെലാനിയാണ് ഐറീഷ് പടയുടെ ടോപ് സ്കോറർ. ജോഷ്വ ലിറ്റിൽ 14 റൺസും കർട്ടിസ് കാമ്പർ 12 റൺസും നേടി. 15 റൺസ് എക്സ്ട്രായി ഇന്ത്യൻ ബൗളർമാർ വിട്ടുനൽകി. ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റെടുത്ത ഹാർദ്ദിക്ക് പാണ്ഡ്യ, രണ്ട് വീതം വിക്കറ്റുകളെടുത്ത അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവരാണ് തിളങ്ങിയത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യയ്ക്ക് ഒരു റൺസുമായി വിരാട് കോഹ്‍ലിയെ തുടക്കത്തിൽ തന്നെ നഷ്ടമായി. ബൗളിംഗ് വിക്കറ്റിൽ രണ്ടും കൽപ്പിച്ച് അടിച്ചുതകർക്കാൻ തീരുമാനിച്ച രോഹിത് ശർമ്മയുടെ തീരുമാനം വിജയിച്ചു. 37 പന്തിൽ 52 റൺസുമായി രോഹിത് റിട്ടയർഡ് ഹർട്ടായി. ജോഷ്വ ലിറ്റിലിന്റെ പന്തിൽ തോളിൽ തട്ടിയതിന് പിന്നാലെയാണ് രോഹിത് മടങ്ങിയത്. സൂര്യകുമാർ യാദവ് രണ്ട് റൺസുമായി വിജയത്തിനരികെ പുറത്തായി. പിന്നാലെ 25 പന്തിൽ 30 റൺസുമായി റിഷഭ് പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."