പുതിയ എം.പിമാരിൽ 46 ശതമാനവും ക്രിമിനൽ കേസുകളിലെ പ്രതികൾ
ന്യൂഡൽഹി: 18 ാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ പകുതിയോളം അംഗങ്ങളും ക്രിമിനൽ കേസുകളിലെ പ്രതികൾ. 543 അംഗങ്ങളിൽ 251 പേർ (46 ശതമാനം)ക്കെതിരേയാണ് ക്രിമിനൽ കേസുകളുള്ളത്. ഇതിൽ 27 അംഗങ്ങൾ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുമാണെന്നും തെരഞ്ഞെടുപ്പിൽ പരിഷ്‌കരണങ്ങൾക്ക് വേണ്ടി വാദിക്കുന്ന സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) അറിയിച്ചു. ഇതാദ്യമായാണ് പാർലമെന്റിന്റെ അധോസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഇത്രയും പേർക്കെതിരേ ക്രിമിനൽ കേസ് നിലനിൽക്കുന്നത്.
2019ൽ 233 (43 ശതമാനം) എം.പിമാർ ആയിരുന്നു ക്രിമിനൽ കേസുകളിൽ പ്രതികളായവർ. 2014ൽ ഇത് 185 ഉം (34) 2009ൽ 162 ഉം (30) 2004ൽ 125 ഉം (23) എം.പിമാരും ക്രിമിനൽ കേസുകളിലെ പ്രതികളായിരുന്നു. 2009നെ അപേക്ഷിച്ച് ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട എം.പിമാരുടെ എണ്ണം 55 ശതമാനമായി വർധിച്ചതായും എ.ഡി.ആർ അറിയിച്ചു.
എം.പിമാരിൽ 169 പേർ (31 ശതമാനം) ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾകക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ എന്നീ കേസുകളിൽ പ്രതിയാണ്. ഇതാകട്ടെ 2019ൽ 159 ഉം (29 ശതമാനം) 2014ൽ 112ഉം (21 ശതമാനം) 2009ൽ 76ഉം (14 ശതമാനം) ആയിരുന്നു. നാല് എം.പിമാർ വിദ്വേഷപ്രസംഗങ്ങളുടെ പേരിൽ നിയമനടപടി നേരിടുന്നവരുമാണ്.
ബി.ജെ.പിയിലാണ് ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട എം.പിമാർ കൂടുതലുള്ളത്, 94 പേർ. കോൺഗ്രസ് (41), സമാജ് വാദി പാർട്ടി (21), തൃണമൂൽ കോൺഗ്രസ് (13), ഡി.എം.കെ (13), ടി.ഡി.പി (8), ശിവസേന (5) എന്നീ കക്ഷികളിലാണ് പിന്നീട് കൂടുതൽ ക്രിമിനൽ കേസ് പ്രതികളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."