കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം; വനിതാ ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കർഷക നേതാക്കൾ
ന്യൂഡൽഹി: കങ്കണ റാണാവത്തിനെ വിമാനത്താവളത്തിൽ വെച്ച് മർദിച്ചെന്ന ആരോപണത്തിൽ സി.ഐ.എസ്.എഫ് വനിതാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിന് പിന്തുണയുമായി കർഷക നേതാക്കൾ രംഗത്ത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.
ചണ്ഡിഗഡ് എയർപോർട്ടിൽ വെച്ചാണ് നിയുക്ത എംപിയും ബോളിവുഡ് നടിയുമായ കങ്കണ റാണാവത്തിനെ സി.ഐ.എസ്.എഫ് വനിതാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന പരാതിക്കിടയായ സംഭവം ഉണ്ടായത്. സംഭവത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂർത്തല സ്വദേശി കുൽവീന്ദർ കൗറിനെതിരെ കങ്കണയുടെ പരാതിയിൽ ചണ്ഡിഗഡ് പൊലിസ് കേസെടുത്തിരുന്നു. സംഭവത്തിൽ ഇവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ആരോപണമുയർന്ന് 3 മണിക്കൂറിനുള്ളിലാണ് നടപടി ഉണ്ടായത്. ഡൽഹി സി.ഐ.എസ്.എഫ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നാണ് വനിതാ കോൺസ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചത്.
പഞ്ചാബിലെ കർഷകർക്ക് എതിരായ പരാമർശത്തിൽ കങ്കണ മാപ്പ് പറയണമെന്നും കങ്കണ നേരത്തെയും മയക്കുമരുന്ന് ഉപയോഗിച്ച് പലർക്കും എതിരെ മോശം ആരോപണങ്ങൾ ഉന്നയിച്ചതാണെന്നും വിഷയം കൃത്യമായി അന്വേഷിക്കും മുമ്പ് ഉദ്യോഗസ്ഥക്ക് എതിരെ കേസെടുത്തത് അംഗീകരിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം) നേതാവ് ജഗ്ജീത് സിംഗ് ധല്ലേവാൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."