'സമദൂരക്കാര്‍' അടപടലം പൊട്ടി; ഒരു മുന്നണിയിലും പെടാത്തവര്‍ തകര്‍ന്നടിഞ്ഞ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഏറ്റവും തിരിച്ചടി നേരിട്ടത് ഇരുമുന്നണികളിലും ഉള്‍പ്പെടാത്ത കക്ഷികള്‍. നിലവില്‍ 37 കക്ഷികളാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡ്യാ മുന്നണിയിലുമുള്ളത്. എന്നാല്‍, ഈ രണ്ടുമുന്നണിയിലും അല്ലാതെ തനിച്ച് മത്സരിച്ച കക്ഷികള്‍ കനത്ത തിരിച്ചടി നേരിട്ടു. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 296ഉം ഇന്‍ഡ്യാ സഖ്യം 234 ഉം സീറ്റുകള്‍ നേടി. രണ്ട് മുന്നണികളുമായി 530 സീറ്റുകളാണ് സ്വന്തമാക്കിയത്. മറ്റ് കക്ഷികളും സ്വതന്ത്രരും നേടായതാകട്ടെ കേവലം 13 സീറ്റുകള്‍ മാത്രം. ഭരണ, പ്രതിപക്ഷ മുന്നണികള്‍ തന്നെ ലോക്‌സഭാ സീറ്റിന്റെ സിംഹഭാഗവും നേടിയതും സര്‍വകാല റെക്കോഡാണ്.
തനിച്ചു ജനവിധി നേരിട്ട അണ്ണാ ഡി.എം.കെ, ബി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ബി.ജെ.ഡി, ഐ.എന്‍.എല്‍.ഡി, ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി), ബി.എസ്.പി തുടങ്ങിയ കക്ഷികളെല്ലാം വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഇതില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയത് വൈ.എസ്.ആര്‍ കോണ്‍ഗ്രസും ബി.ജെ.ഡിയും ബി.ആര്‍.എസ്സുമാണ്. കഴിഞ്ഞവര്‍ഷം നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ്സിന് സംസ്ഥാന ഭരണവും നഷ്ടമായിരുന്നു. ലോക്‌സഭയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രപ്രദേശിലും ഒഡീഷയിലും ഭരണകക്ഷികള്‍ക്ക് അധികാരം നഷ്ടമായി. 17ാം ലോക്‌സഭയില്‍ അംഗബലം കൊണ്ട് നാലാമതെത്തിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് ആന്ധ്ര ഭരണം ടി.ഡി.പി തട്ടിയെടുത്തു. ഒഡീഷയിലാകട്ടെ 25 വര്‍ഷമായി സംസ്ഥാനം ഭരിച്ചുപോന്ന നവീന്‍ പാട്‌നായികിന്റെ പാര്‍ട്ടി സ്വപ്‌നത്തില്‍ പോലും കാണാത്ത തിരിച്ചടിയാണ് നേരിട്ടത്.
വൈ.എസ്.ആര്‍ 2019ലെ തെരഞ്ഞെടുപ്പില്‍ 22 സീറ്റുകള്‍ നേടിയപ്പോള്‍ ഇത്തവണ നേട്ടം നാലിലൊതുങ്ങി. 2019ല്‍ പത്തിടത്ത് ജയിച്ച ബി.എസ്.പി ഇത്തവണ എല്ലായിടത്തും തോറ്റു. ഇക്കുറി ലോക്‌സഭയില്‍ സാന്നിധ്യമറിയിക്കാനാകാത്ത ബി.ആര്‍.എസിന് കാലാവധി കഴിയുന്ന ലോക്‌സഭയില്‍ ഒമ്പത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2019ല്‍ 12 എം.പിമാരുണ്ടായിരുന്ന ബി.ജെ.ഡിക്കും ഇത്തവണ ലോക്‌സഭയില്‍ പ്രാതിനിധ്യമില്ല. അണ്ണാ ഡി.എം.കെ, ഐ.എന്‍.എല്‍.ഡി, ജെ.ജെ.പി എന്നീ കക്ഷികള്‍ക്കും ഒരാളെപ്പോലും ജയിപ്പിക്കാനായില്ല. തനിച്ച് മത്സരിച്ച് കരുത്ത് തെളിയിച്ചത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ്. ദേശീയതലത്തില്‍ ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമാണെങ്കിലും തൃണമൂല്‍ ബംഗാളില്‍ തനിച്ച് മത്സരിച്ച് 29 സീറ്റുകളില്‍ ജയിച്ചു. ഇതില്‍ ഏഴെണ്ണം ബി.ജെ.പിയില്‍നിന്ന് പിടിച്ചെടുത്തതാണ്. അസമില്‍ ബദ്‌റുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫിന് ആകെയുള്ള ഒരുസീറ്റും ഇക്കുറി നഷ്ടമായി. സിറ്റിങ് സീറ്റില്‍ പത്തുലക്ഷം വോട്ടുകള്‍ക്ക് തോറ്റെന്ന നാണക്കേടും ബദ്‌റുദ്ദീന്‍ അജ്മലിനുണ്ടായി. കഴിഞ്ഞതവണ ബി.ജെ.പിയോടൊപ്പമുണ്ടായിരുന്ന ശിരോമണി അകാലിദളിന് 2019ല്‍ രണ്ട് എം.പിമാരുണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് ഒന്നിലൊതുങ്ങി.
In NDA vs INDIA Contest, 'Non-Aligned' Parties Get Decimated
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."