ബി.ജി.പിയോടും കോണ്‍ഗ്രസ്- സി.പി.എം സഖ്യത്തോടും തനിച്ച് പോരാടി ജയിച്ചു; ബംഗാളിലെ മമതയുടെ ജയം തുല്യതയില്ലാത്തത്
കൊല്‍ക്കത്ത: മമതാ ബാനര്‍ജി ഒറ്റയ്ക്ക് മുന്നില്‍നിന്ന് പടനയിച്ച് നേടിയ വിജയമാണ് പശ്ചിമ ബംഗാളിലേത്. അഴിമതി കേസുകളും സന്ദേശ്ഖാലിയിലെ പീഡനാരോപണങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ബി.ജെ.പി ഒരു വശത്തും കോണ്‍ഗ്രസും സി.പി.എമ്മും മറുവശത്തും മമതക്കെതിരേ രൂക്ഷമായ പ്രചാരണമാണ് തെരഞ്ഞെടുപ്പില്‍ അഴിച്ചുവിട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തലേദിവസം വരെ കേന്ദ്ര ഏജന്‍സികള്‍ ബംഗാളില്‍ വട്ടമിട്ട് പറന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബംഗാളിലെത്തി മമതയ്‌ക്കെതിരേ ആരോപണങ്ങളുടെ കെട്ടഴിച്ചുവിട്ടു. എന്നാല്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിലിനെ മമത സധൈര്യം നേരിട്ടു. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധനല്‍കി. ന്യൂനപക്ഷ വോട്ടുകള്‍ ചിതറാതിരിക്കാനും മമത സൂക്ഷ്മത കാട്ടി. സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളും കര്‍ഷക സൗഹൃദ നിലപാടും ബംഗാള്‍ വികാരവും തൃണമൂല്‍ കോണ്‍ഗ്രസിനെ തുണച്ചു.
കോണ്‍ഗ്രസിന് മമതയുമായി അകന്നത് വലിയ നഷ്ടമാണ് വരുത്തിയത്. തുടക്കത്തില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്താമെന്ന നിലപാടിലായിരുന്നു മമത. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും ഇതേ നിലപാട് തന്നെയായിരുന്നു. സീറ്റുകളില്‍ തര്‍ക്കം രൂക്ഷമായതിന് പിന്നാലെ മമതയുമായി ധാരണയ്ക്കില്ലെന്ന് പി.സി.സി പ്രസിഡന്റ് കൂടിയായ അധീര്‍ രഞ്ജന്‍ ചൗധരി പ്രഖ്യാപിച്ചു. എങ്കില്‍ താനും ധാരണയ്ക്കില്ലെന്ന് മമതയും തിരിച്ചടിച്ചു. അതോടെ കോണ്‍ഗ്രസ് സി.പി.എം ധാരണയില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ തീരുമാനമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരവും ത്രികോണ മത്സരത്തിന്റെ സാധ്യതയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും തങ്ങളെ തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസും സി.പി.എമ്മും കരുതിയത്. എന്നാല്‍, സംസ്ഥാനത്ത് മമതയോടുള്ള എതിര്‍പ്പിനേക്കാള്‍ ജനങ്ങള്‍ ബി.ജെ.പിയെ അകറ്റിനിര്‍ത്താനുള്ള തീരുമാനമാണ് എടുത്തത്.
ഇക്കുറി സീറ്റും വോട്ട് ശതമാനവും വര്‍ധിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനായി. 2019ല്‍ 22 സീറ്റും 43.7 ശതമാനം വോട്ടുമാണ് തൃണമൂലിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ അത് 29 സീറ്റായും 45.76 ശതമാനം വോട്ടായും ഉയര്‍ത്താനായി. 2019ല്‍ ബി.ജെ.പിക്ക് ലഭിച്ചത് 18 സീറ്റും 17 ശതമാനം വോട്ടുമായിരുന്നു. എന്നാല്‍ ഇത്തവണ 12 സീറ്റും 38.73 ശതമാനം വോട്ടും ലഭിച്ചു. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ രണ്ട് സീറ്റും 5.7 ശതമാനം വോട്ടും നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഒരു സീറ്റും 4.68 ശതമാനം വോട്ടും മാത്രമെ നേടാനായുള്ളൂ. സി.പി.എമ്മിനാണ് സംസ്ഥാനത്ത് കനത്ത നഷ്ടമുണ്ടായത്. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലീമടക്കം എല്ലാവരും പരാജയപ്പെട്ടു. 2019ലും പൂജ്യരായിരുന്നു സി.പി.എം.
സീറ്റ് നില
ആകെ 42
2024
തൃണമൂല്‍29 (45.76)
ബി.ജെ.പി12 (38.73 )
കോണ്‍ഗ്രസ്1 (4.68)
2019
തൃണമൂല്‍22 (43.7)
ബി.ജെ.പി18 (40)
കോണ്‍ഗ്രസ്2 (5.7)
2014
തൃണമൂല്‍34 (39.8)
കോണ്‍ഗ്രസ്4 (9.7)
സി.പി.എം2 (23.0)
ബി.ജെ.പി2 (17.0)
Mamata's victory in Bengal is unparalleled
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."