കൈ വെട്ടുമെന്ന സി.പി.എം ഭീഷണി; കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം ഇന്നു തുറക്കും, പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് വനംവകുപ്പ്
പത്തനംതിട്ട: സി.പി.എം ഭീഷണിയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയ അടവി ഇക്കോ ടൂറിസം കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ നിലപാട് മാറ്റിയത്. സി.പി.എം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ജീവനക്കാര്‍ക്ക് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെതാണ് ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചത്.
ഇന്നലെയാണ് ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം സ്ഥാപിച്ച സി.പി.എമ്മിന്റെ കൊടികള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഉദ്യോഗസ്ഥരെ പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്.
ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്ന് തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദ് ഭീഷണി മുഴക്കിയെന്നാണ് പരാതി. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും ബലമായി കൊടികള്‍ സ്ഥാപിച്ചു. പാര്‍ട്ടി കൊടികള്‍ കഴിഞ്ഞ ദിവസമാണ് വനപാലകര്‍ നീക്കിയത്. ഇതിനു പിന്നാലെയായിരുന്നു ഭീഷണി സന്ദേശവും കൊടി പുനഃസ്ഥാപിക്കലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."