അങ്കമാലിയില്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവം;തീപിടിത്തത്തിന് കാരണം എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്ക്
അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരണപ്പെട്ട തീപ്പിടിത്തത്തിന് കാരണം,എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്‌നങ്ങള്‍ കണ്ടെത്തി. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ശരീരത്തില്‍ കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാന്‍ സ്‌കിന്‍ സാമ്പിള്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ബോധരഹിതരായതുകൊണ്ടാവാം രക്ഷപെടാന്‍ സാധിക്കാതിരുന്നതെന്നുമാണ് വിലയിരുത്തല്‍.
വ്യവസായിയായ ബിനീഷ് കുര്യന്‍, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല. ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത വിരളമാണ്. മുറിയില്‍ എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന്റെ കാരണം എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനത്തിലെത്തിയത്.
പുലര്‍ച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാന്‍ പോയ പ്രദേശവാസിയാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ചില്ലുകള്‍ പൊട്ടിത്തറിക്കുന്ന ശബ്ദവും വീട്ടില്‍ നിന്നും നിലവിളിയും കേട്ടു. പിന്നാലെ അയല്‍വാസിയെ കൂടി കാര്യം അറിയിച്ച് ഇരുവരും വീട്ടിനകത്തേക്ക് കടന്നു. മുറിയുടെ ഡോര്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിക്കുള്ളിലെ ആളുകള്‍ അബോധാവസ്ഥയില്‍ ആയതിനാലാവാം വാതില്‍ തുറക്കാനുള്ള ശ്രമം നടത്തിയിരുന്നില്ലെന്നും അയല്‍വാസി സംശയം പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."