സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകില്ലെന്ന് സൂചന; അനിശ്ചിതത്വം തുടരുന്നു
ന്യൂഡൽഹി: നിയുക്ത എം.പിയും നടനുമായ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുന്ന കാര്യത്തിൽ അനിശ്ചിതത്വം. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് മന്ത്രി സ്ഥാനത്തിൽ അനിശ്ചിതത്വം നടത്തിയിരുന്നത്. സിനിമകൾ പൂർത്തിയാക്കാനുള്ളതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയാകാനില്ലെന്ന നിലപാട് സുരേഷ് ഗോപി എടുത്തത്. നാല് സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം.
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കേണ്ട സുരേഷ് ഗോപി നിലവിൽ തിരുവനന്തപുരത്ത് തുടരുകയാണ്. 12.30 നുള്ള വിമാനത്തിൽ പോകുമെന്നാണ് വിവരം. അതേസമയം, കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയെ ബി.ജെ.പി സംസ്ഥാന നേതൃത്വം സമ്മർദം ചെലുത്തുന്നതായാണ് വിവരം. എന്നാൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നരേന്ദ്ര മോദിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭാംഗങ്ങളുടെ പട്ടികയിൽ സുരേഷ് ഗോപിയുടെ പേരില്ല.
രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അതിന് കേന്ദ്രമന്ത്രിസ്ഥാനം തടസ്സമാകുമെന്ന നിലപാടിലാണ് സുരേഷ് ഗോപി. തമിഴ്‌നാട്ടിൽ നിന്ന് എംപിമാർ ഇല്ലാത്തതും കേരളത്തിൽ നിന്ന് ചരിത്രത്തിലാദ്യമായി എംപി ഉണ്ടായതുമാണ് സുരേഷ് ഗോപിയുടെ പേര് മന്ത്രിയാകാൻ പരിഗണിക്കാനിടയാക്കിയത്. നേരത്തെ രാജ്യസഭാ എംപി ആയിരുന്നതിനാൽ സ്വതന്ത്ര ചുമതലയുള്ള വകുപ്പ് സുരേഷ് ഗോപിക്ക് ലഭിക്കുമായിരുന്നു.
മന്ത്രിസ്ഥാനത്തിൽ നിന്ന് സുരേഷ് ഗോപി പൂർണമായും പിന്മാറിയാൽ അത് സംസ്ഥാന ബിജെപിക്ക് ക്ഷീണമാകും. തൃശൂരിന് ഒരു കേന്ദ്ര മന്ത്രി എന്ന നിലയിൽ പ്രചാരണം നടത്തിയിരുന്ന ബിജെപിയും സുരേഷ് ഗോപിയും ഇതോടെ തൃശൂരിലെ ജനങ്ങളെ വഞ്ചിച്ചതായും വിലയിരുത്താൻ സാധ്യതയുണ്ട്. രാഷ്ട്രീയത്തെക്കാൾ ഉപരി സ്ഥാനം സിനിമക്ക് തന്നെയാണെന്നും വിലയിരുത്തപ്പെടും.
അതേസമയം, മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കും. അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവരെ ഇത്തവണയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും. പ്രൾഹാദ് ജോഷിക്കും ജിതൻ റാം മാഞ്ചിക്ക് മന്ത്രി സ്ഥാനം നൽകുമെന്നാണ് സൂചന. മന്ത്രിമാരുടെ ഔദ്യോഗിക ലിസ്റ്റ് ഇനിയും പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."