മൈക്രോസോഫ്റ്റിന് പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഗൂഗിൾ; ടെക് - ഐ.ടി രംഗത്ത് ആശങ്ക
ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് പിരിച്ചുവിടലിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ട് ഐ.ടി ഭീമനായ ഗൂഗിൾ. ഗൂഗിൾ ഈ മാസം പിരിച്ചുവിട്ട ആളുകളുടെ ആകെ എണ്ണം 100 ആയി. പിരിച്ചുവിടലുകൾ തങ്ങളുടെ ബിസിനസ്സിലും നിർണായക ബിസിനസ്സുകളിലെ നിക്ഷേപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമാണെന്ന് ഗൂഗിൾ അറിയിച്ചു.
ക്ലൗഡ് യൂണിറ്റിലാണ് പിരിച്ചുവിടൽ നടപടികള്‍ അധികവും നടക്കുക. സെയില്‍സ്, കണ്‍സള്‍ട്ടിംഗ്, ഓപ്പറേഷന്‍സ്, എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടൽ കാര്യമായി ബാധിച്ചിട്ടുള്ളത്. പിരിച്ചുവിടല്‍ തകൃതിയായി നടക്കുന്ന ക്ലൗഡ് യൂണിറ്റ് ഗൂഗിളിന്‍റെ ഏറ്റവും വളര്‍ച്ചയുള്ള വിഭാഗങ്ങളില്‍ ഒന്നാണ്. ഗൂഗിൾ ക്ലൗഡ് അതിൻ്റെ പ്രവർത്തന ബജറ്റ് കുറയ്ക്കാൻ ശ്രമിക്കുന്നതിനാൽ അതിൻ്റെ വിൽപ്പനയും എഞ്ചിനീയറിംഗ് ടീമുകളും വെട്ടിക്കുറച്ചതായി സിഎൻബിസി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വിവിധ ഡിവിഷനുകളിലായി 2024-ൽ ഗൂഗിൾ ഇതിനകം തന്നെ ഒന്നിലധികം റൗണ്ട് പിരിച്ചുവിടലുകൾ നടത്തിയിട്ടുണ്ട്. ഇതിൽ ചില എഞ്ചിനീയർമാരുടെ ജോലി ഇന്ത്യയിലെയും മെക്സിക്കോയിലെയും ഗൂഗിൾ ബ്രാഞ്ചുകളിലേക്ക് സോഴ്‌സ് ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ ഒരു ഇൻ്റേണൽ മെമ്മോയിൽ സുന്ദർ പിച്ചൈ ഈ മാറ്റങ്ങൾ പറഞ്ഞിരുന്നു. 2024 ൻ്റെ രണ്ടാം പകുതിയോടെ പിരിച്ചുവിടലുകൾ കുറയുമെന്നും പിച്ചൈ പരാമർശിച്ചു.
അതേസമയം, ആയിരത്തിലേറെ ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് ഈ മാസം പിരിച്ചുവിട്ടത്. മൈക്രോസോഫ്റ്റ് ഹോളോലെന്‍സ് 2, മൂണ്‍ഷോട്ട്‌സ് എന്നിവയിലും ഗൂഗിളില്‍ ക്ലൗഡ് യൂണിറ്റിലുമാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്. കമ്പനിയുടെ ഘടന പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തൊഴില്‍ മാറ്റം എന്നാണ് മൈക്രോസോഫ്റ്റിന്‍റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."