കോഴിക്കോട് യാത്രികൻ വെന്തു മരിച്ച സംഭവം: കാറിൽ തീ പടർന്നതിന്റെ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോർട്ട്
ഓടുന്ന കാറിന് തീ പിടിച്ച് യാത്രക്കാ വെന്തുമരിക്കാനിടയായത് ഷോർട്ട് സർക്ക്യൂട്ട് കാരണമെന്ന് ഫോറൻസിക് കണ്ടെത്തൽ. കാറിനുള്ളിലെ വയറിങിൽനിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും ചെറുതായി പടർന്ന തീ കാർ ഓടിക്കൊണ്ടിരിക്കെ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുകയും തീ ആളിക്കത്തുകയുമായിരുന്നുവെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക ഫലം.
തീപടർന്ന് പിടിക്കത്തക്ക വിധത്തിൽ കാറിനുള്ളിൽ മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് വിവരം. അപകടത്തെ തുടർന്ന് ഫോറൻസിക് വിദഗ്ധർ കാറിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ട് സാധ്യത സ്ഥിരീകരിച്ചത്. കോഴിക്കോട് കോന്നാട് ബീച്ചിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചേളന്നൂർ പുന്നശേരിയിൽ പി. മോഹൻദാസ് (68) ആണ് മരിച്ചത്.
തീപടരുന്നത് കണ്ട യാത്രക്കാർ വാഹനം നിർത്താൻ ആവശ്യപ്പെടുകയും റോഡിന്റെ അരികിലേക്ക് കാർ നിർത്താൻ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയുമായിരുന്നു. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങി. ഇതോടെ മോഹൻദാസിന് പുറത്തിറങ്ങാൻ സാധിച്ചില്ല. അപ്പോഴേക്കും കാറിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. അതേസമയം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."