'അദ്ദേഹം തീരുമാനിച്ചു, അനുസരിക്കുന്നു'; മോദി വിളിച്ചു, ഉടന്‍ എത്താന്‍ നിര്‍ദ്ദേശം; സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപി മന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.12.15ന് തിരുവനന്തപുരത്തുനിന്നുള്ള എയര്‍ വിസ്താര വിമാനത്തില്‍ സുരേഷ് ഗോപിയും കുടുംബവും ബെംഗളൂരുവിലേക്ക് പോകും. അവിടെ നിന്ന് ഡല്‍ഹിയ്ക്ക് തിരിക്കും.
'അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു. ഉടനെ എത്താന്‍ പറഞ്ഞു. ഒന്നും അറിയില്ല, അദ്ദേഹമാണ് തീരുമാനിക്കുന്നത്.' ഡല്‍ഹിയിലേക്ക് തിരിക്കുംമുന്‍പ് തിരുവനന്തപുരത്തെ വീട്ടില്‍വച്ച് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, അദ്ദേഹം തിരുവനന്തപുരത്തു തന്നെ തുടരുകയായിരുന്നു. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സുരേഷ് ഗോപിയെ മോദി നേരിട്ടു വിളിച്ചത്. സുരേഷ് ഗോപിക്ക് കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ ലഭിക്കുമെന്നാണ് വിവരം.
കേന്ദ്രമന്ത്രിയാകുന്നതില്‍ തത്കാലമുള്ള അസൗകര്യം സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ സിനിമ അടക്കം നാലു സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമ ചിത്രീകരണം മുടങ്ങും. അതിനാല്‍ സാവകാശം വേണമെന്നാണ് സുരേഷ് ഗോപി അറിയിച്ചിട്ടുള്ളത്.
നടന് മോഹന്‍ലാലിനെയും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി മോദി നേരിട്ട് വിളിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതായാണ് സൂചന.
മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കും. അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവരെ ഇത്തവണയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. പ്രള്‍ഹാദ് ജോഷിക്കും ജിതന്‍ റാം മാഞ്ചിക്ക് മന്ത്രി സ്ഥാനം നല്‍കുമെന്നാണ് സൂചന. മന്ത്രിമാരുടെ ഔദ്യോഗിക ലിസ്റ്റ് ഇനിയും പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."