പാക്കിസ്ഥാനെ വിറപ്പിച്ച ബുംറ മാജിക്.!
ടി20 ലോകകപ്പിൽ അവസാന ഓവർ വരെ നീണ്ട ചിരവൈരികളുടെ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ, ന്യൂയോർക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തിൽ ഇരു ടീമിലെയും ബൗളർമാർ തകർത്താടിയ മത്സരത്തിൽ ആറുറൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിന് ഓൾ ഔട്ടായി. മറുപടിക്കിറങ്ങിയ പാകിസ്താൻ 20 ഓവറിൽ ഏഴിന് 113 റൺസിൽ ഒതുങ്ങി. നാല് ഓവറിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ഹർദിക് പാണ്ഡ്യ രണ്ടും അർഷ്ദീപ് സിങ്, അക്ർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
44 പന്തിൽ 31 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് ടോപ് സ്കോറർ. ബാബർ അസം (10 പന്തിൽ 13), ഉസ്മാൻ ഖാൻ (15 പന്തിൽ 13), ഫഖർ സമാൻ (8 പന്തിൽ 13) എന്നിങ്ങനെയാണ് മുൻനിര ബാറ്റർമാരുടെ പ്രകടനം. നേരത്തെ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ബാറ്റർമാർക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. മഴകാരണം ഒരു മണിക്കൂർ വൈകി തുടങ്ങിയ മത്സരം ഒരു ഓവറിന് ശേഷം മഴകാരണം വീണ്ടും നിർത്തി. പിച്ചിന് ഈർപ്പമുള്ളതാണ് ഇന്ത്യൻ ബാറ്റർമാർക്ക് തിരിച്ചടിയായത്. ഓപണർമാരായി വിരാട് കോഹ്ലിയും രോഹിത് ശർമയുമായിരുന്നു ക്രീസിലെത്തിയത്. എന്നാൽ കോഹ്ലിയുടെ വിക്കറ്റ് ആദ്യം തന്നെ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. മൂന്ന് പന്തിൽ നാലു റൺസ് നേടിയ താരം നസിം ഷായുടെ പന്തിൽ ഉസ്മാൻ ഖാന് ക്യാച്ച് നൽകിയായിരുന്നു മടങ്ങിയത്. സ്കോർ 12 ൽ നിൽക്കെയായിരുന്നു ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്.
അധികം വൈകാതെ രോഹിതും മടങ്ങി. 12 പന്തിൽ 13 റൺസ് നേടിയ രോഹിത് ഷഹീൻ അഫ്രീദിയുടെ പന്തിൽ ഹാരിസ് റഊഫിന് ക്യാച്ച് നൽകിയായിരുന്നു മടങ്ങിയത്. പിന്നീടെത്തിയ അക്സർ പട്ടേൽ അടിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും നസീം ഷായുടെ പന്തിൽ ബൗൾഡായി. 18 പന്തിൽ 20 റൺസായിരുന്നു അക്സർ പട്ടേൽ നേടിയത്. വമ്പനടികൾക്കായി എത്തിയ സൂര്യകുമാർ യാദവിനും തിളങ്ങാനായില്ല. എട്ടു പന്തിൽ ഏഴു റൺസ് നേടിയ സൂര്യകുമാർ മുഹമ്മദ് ആമിറിന് ക്യാച്ച് നൽകി പവലിയനിലേക്ക് മടങ്ങി. പിന്നീട് ശിവം ദുബെ എത്തിയെങ്കിലും കൂടുതൽ സമയം ക്രീ സിൽനിൽക്കാനായില്ല. ഇതോടെ 95 റൺസ് നേടുന്നതിനിടെ ഇന്ത്യയുടെ പ്രധാനപ്പെട്ട അഞ്ചു വിക്കറ്റുകളായിരുന്നു നഷ്ടപ്പെട്ടത്. പിന്നീട് രണ്ട് റൺസ് നേടുന്നതിനിടെ ഇന്ത്യയുടെ രണ്ട് വിക്കറ്റുകൂടി വീണതോടെ 96 റൺസിന് ഏഴ് എന്നനിലയിലേക്ക് ഇന്ത്യ വീണു. 31 പന്തിൽ 42 റൺസ് നേടിയ പന്തിനെയായിരുന്നു പിന്നീട് നഷ്ടമായത്.
120 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാനു മുന്നിൽ ബുംറ തനിസ്വരൂപം കാട്ടി. ലൈനും ലങ്തും കൃത്യമാക്കി പാക്ക് ബാറ്റ്സ്മാൻമാരെ വിറപ്പിക്കാൻ ബുംറക്ക് കഴിഞ്ഞു. ബുംറയുടെ പത്തൊമ്പതാം ഓവറിൽ വെറും രണ്ട് റൺസ് മാത്രമാണ് ബാറ്റ്സ്മാന്മാർക്ക് നേടാൻ കഴിഞ്ഞത്. കൃത്യമായ യോർക്കറുകളും ബൗൺസറുകളും അദ്ദേഹം നിരന്തരം തൊടുത്തുവിട്ടു. ബുംറ മാജിക്കിനു മുന്നിൽ പാകിസ്ഥാന് മറുപടിയില്ലായിരുന്നു. ഒടുവിൽ ഇന്ത്യയോട് ആറു റൺസിന് പരാജയം ഏറ്റുവാങ്ങി ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകുമെന്ന ഘട്ടത്തിൽ എത്തി നിൽക്കുകയാണ് പാകിസ്ഥാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."