കോണ്‍ഗ്രസ് ഗ്രൂപ്പ് സംഘര്‍ഷം: രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് വനിതാ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എ-ഐ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി ആനന്ദ് കുമാറിന്റെ പരാതിയില്‍ എ ഗ്രൂപ്പുകാരായ വി അഭിലാഷ്, കെ.സി തിലകന്‍, കെ സുനോജ്, കെ വിനോദ്, സി.കെ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും വി അഭിലാഷിന്റെ പരാതിയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മനോജ് കുമാര്‍ കൂവേരി, എ.ഡി സാബൂസ്, പി ആനന്ദ് കുമാര്‍, ബൂത്ത് പ്രസിഡന്റ് ടി.കെ രവി എന്നിവര്‍ക്കെതിരെയുമാണ് കേസ്.
ഐ ഗ്രൂപ്പിന്റെ അധീനതയിലായിരുന്ന തളിപ്പറമ്പ് ബ്ലോക്ക് വനിതാ സഹകരണ സംഘത്തില്‍ എ വിഭാഗത്തിന് പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ടാണ് എ-ഐ വിഭാഗങ്ങള്‍ പോരടി തുടങ്ങിയത്. കെ.പി.സി.സി വരെ ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കാനായില്ല. ഇതോടെഎതിരില്ലാതിരുന്ന ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു. ഒരു പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയും നിലനിന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ഐ ഗ്രൂപ്പ് നിലനിര്‍ത്തുകയായിരുന്നു.
രാവിലെ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി പി.വി കുഞ്ഞിക്കണ്ണന് എ വിഭാഗക്കരുടെ മര്‍ദനമേറ്റെങ്കിലും പൊലിസ് ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. വൈകുന്നേരം ഫലം പ്രഖ്യാപിച്ചതോടെ എ വിഭാഗം പിരിഞ്ഞുപോയി.
പുഴക്കുളങ്ങരയിലെ മണ്ഡലം വൈസ് പ്രസിഡന്റ് എം വല്‍സല നാരായണന്റെ പിതാവ് മാണൂക്കര ബാലന്‍ മരിച്ച വിവരം എ ഗ്രൂപ്പുകാര്‍ അറിയിച്ചതനുസരിച്ച് എ.ഡി സാബൂസ്, മനോജ്കുമാര്‍ കൂവേരി, പി ആനന്ദ്കുമാര്‍ എന്നിവര്‍ മരണവീട്ടിലെത്തി. വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങവേ മുറ്റത്തുവച്ച് ഒരുസംഘം എ വിഭാഗക്കാര്‍ മൂവരേയും വളഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. പരുക്കേറ്റ എ.ഡി സാബൂസ് ശ്രീകണ്ഠപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."