വമ്പൻ വിജയത്തിന് നന്ദി പറയാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; രാജിയും പ്രഖ്യാപിച്ചേക്കും
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയതിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിലെത്തും. രണ്ടാം തവണയും വൻഭൂരിപക്ഷം നൽകി നെഞ്ചിലേറ്റിയ വോട്ടർമാരെ നേരിൽ കാണാനും നന്ദി അറിയിക്കാനുമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത്. സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പം ഇന്ന് വോട്ടർമാരെ കാണും.
രാവിലെ പത്തരയോടെ മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് രാഹുൽ ഗാന്ധിയുടെ ആദ്യ പരിപാടി. തുടർന്ന് റോഡ് മാർഗം നന്ദി അറിയിച്ച് പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി ഉച്ചക്ക് രണ്ടരയോടെ കൽപ്പറ്റയിലെത്തും. ഇവിടെ രാഹുൽ ഗാന്ധി ആയിരങ്ങൾ പങ്കെടുക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും. ആലപ്പുഴയിൽ നിന്ന് വിജയിച്ച കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, കുഞ്ഞാലികുട്ടി അടക്കമുള്ള മുസ്‍ലിം ലീഗ് നേതാക്കളും സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും.
റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും വൻഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ ഒരു മണ്ഡലം മാത്രമേ നിലനിർത്താൻ സാധിക്കൂ എന്നതിനാൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കും. വോട്ടർമാർക്ക് നന്ദി അറിയിച്ച ശേഷം വയനാട് മണ്ഡലത്തിൽ നിന്നും രാജി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. അതേസമയം, വായനാട്ടിലേക്ക് രാഹുലിന് പകരക്കാരിയായി പ്രിയങ്ക ഗാന്ധി എത്തുമോ എന്ന ആകാംക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകരും, വായനാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."