സ്വരൂപിച്ച ദിയാധനം റിയാദ് കോടതിയിലെത്തി; റഹീമിന്റെ മോചനം താമസിയാതെ
റിയാദ്: വധശിക്ഷ വിധിക്കപ്പെട്ട് സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദിയാധനം റിയാദ് കോടതിയിലെത്തി. ഇരുവിഭാഗവും കോടതിയില്‍ വച്ച് ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഒപ്പുവെക്കുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും.
റിയാദ് ഗവര്‍ണറേറ്റില്‍ നിന്നുള്ള 34 കോടി രൂപയുടെ (15 മില്യണ്‍ റിയാല്‍) ചെക്കാണ് റിയാദിലെ കോടതിയില്‍ എത്തിയത്. ഈ മാസം അവസാനത്തോടെ റഹീമിന്റെ മോചനം സാധ്യമാകുമെന്നാണ് കരുതുന്നത്. മോചനത്തിന് സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ റിയാദ് ഗവര്‍ണറേറ്റിന് ഇന്ത്യന്‍ എംബസി ഇക്കഴിഞ്ഞ മൂന്നിനാണ് കൈമാറിയത്.
വധശിക്ഷയിലെ സ്വകാര്യ അവകാശം പിന്‍വലിച്ച് അനുരഞ്ജന കരാറില്‍ വാദി, പ്രതി ഭാഗം പ്രതിനിധികള്‍ ഒപ്പുവെച്ച ശേഷമാണ് ചെക്ക് നല്‍കിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള 15 മില്യന്‍ റിയാലിന്റെ ചെക്ക് കൈമാറിയത്.
പെരുന്നാള്‍ അവധിയിലാണ് കോടതി.
അവധി കഴിഞ്ഞ് കോടതി പ്രവര്‍ത്തനം തുടങ്ങിയാല്‍ ഇരുകക്ഷികള്‍ക്കും ഹാജരാകാനുള്ള നോട്ടിസ് അയക്കും. തീയതിയും സമയവും അറിയിച്ചുള്ള നോട്ടീസാണ് കോടതിയില്‍നിന്ന് നല്‍കുക. 2006 നവംബര്‍ 28നാണ് സഊദി പൗരന്റെ മകന്‍ അനസ് അല്‍ശഹ്റി കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."