കുവൈത്ത് തീപിടിത്തം: മരണമെത്തിയത് രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍
പത്തനംതിട്ട: കുവൈത്തിലെ തീപിടുത്തത്തില്‍ പത്തനംതിട്ട സ്വദേശികളായ മൂന്നുപേരാണ് മരിച്ചത്. പന്തളം ഐരാണിക്കുഴി, ശോഭാലയത്തില്‍ പരേതനായ ശശിധരന്റെ മകന്‍ ആകാശ്.എസ് .നായര്‍ (32), പത്തനംതിട്ട വാഴമുട്ടം വടക്കേതില്‍ മുരളീധരന്‍ നായര്‍(54), കോന്നി ചെന്നശേരില്‍ സജു വര്‍ഗീസ് (56) എന്നിവര്‍.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആകാശ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആകാശും സുഹൃത്തുക്കളായ രണ്ടു മലയാളികളും ഉള്‍പ്പെടെ നാലുപേരായിരുന്നു മുകള്‍ നിലയില്‍ താമസിച്ചിരുന്നത്. തീപിടുത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് പലരും അസ്വസ്ഥപ്പെട്ടപ്പോള്‍ ആകാശും, സുഹൃത്ത് ശങ്കരനും പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആകാശ് കുഴഞ്ഞു വീഴുകയായിരുന്നു.
ശങ്കരന്‍ രക്ഷപ്പെട്ടു. അവിവാഹിതനായ ആകാശ് എട്ടുവര്‍ഷമായി കുവൈത്തിലാണ്, ഒരു വര്‍ഷം മുമ്പാണ് ലീവില്‍ നാട്ടിലെത്തി മടങ്ങിയത്. മാതാവ് : ശോഭാകുമാരി, സഹോദരി സ്വാതി. മരിച്ച മുരളീധരന്‍ നായര്‍ വര്‍ഷങ്ങളായി കുവൈത്തിലാണ്.
22 വര്‍ഷമായി എന്‍.ടി.പി.സി കമ്പിനിയില്‍ ജോലി ചെയ്യുകയാണ് സജു വര്‍ഗീസ്. ഭാര്യ.ബിന്ദു.രണ്ട് മക്കളുണ്ട്.
ദുരന്തത്തില്‍ മരിച്ച കോട്ടയം ചങ്ങനാശേരി കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി കുവൈത്തിലേക്ക് പോയത് ഓരാഴ്ച മുമ്പുമാത്രമായിരുന്നു. പിതാവ് പ്രദീപ് പത്തുവര്‍ഷമായി കുവൈത്തിലായിരുന്നു. മാതാവ് ദീപ. സഹോദരങ്ങള്‍ :അര്‍ജുന്‍ പ്രദീപ്, ആനന്ദ് പ്രദീപ്.
കോട്ടയം പാമ്പാടിയിലെ ഇടിമണ്ണില്‍ സ്റ്റെഫിന്‍ എബ്രഹാം സാബു (27) ദുരന്തത്തില്‍ മരിച്ചു. പിതാവ് സാബു എബ്രഹാം. മാതാവ് ഷേര്‍ളി. സഹോദരങ്ങള്‍: ഫെബിന്‍, കെവിന്‍. മരിച്ച കൊല്ലം ശൂരനാട് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷെമീര്‍ (31) ഓയൂര്‍ പയ്യക്കോട് സ്വദേശിയാണ്. പിതാവ് ഉമ്മറുദീന്‍, മാതാവ് സബീന.
ഷെമീര്‍ 14 വര്‍ഷമായി കുടുംബസമേതം ശൂരനാട് താമസിച്ച് വരികയാണ്. അഞ്ച് വര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായിരുന്നു.9 മാസം മുന്‍പാണ് അവധിയ്ക്ക് നാട്ടിലെത്തി മടങ്ങിപ്പോയത്. സുറുമിയാണ് ഭാര്യ.
ഷമീറിന്റെ സഹോദരന്‍ ഇജാസ്.
ദുരന്തത്തില്‍ കൊല്ലം, കണ്ണനല്ലൂര്‍ വെളിച്ചിക്കാല വടക്കോട്ട് വിളയില്‍ വീട്ടില്‍ ഉണ്ണൂണ്ണിയുടെ മകന്‍ ലൂക്കോസ് (സാബു 48) മരിച്ചു. ഭാര്യ: ഷൈനി, മക്കള്‍: ലിഡിയ, ലോവീസ്. മാതാവ്: കുഞ്ഞമ്മ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."