മക്ക പ്രാർത്ഥനാ മുഖരിതം: വിശുദ്ധ ഹജ്ജിനു നാളെ തുടക്കം, ഹാജിമാർ ഇന്ന് മുതൽ മിനയിലേക്ക്
മക്ക: ഏക ഇലാഹിന്റെ വിളിക്കുത്തരം നൽകി വിശുദ്ധ മക്കയിലെത്തിയ വിശ്വാസി ലക്ഷങ്ങളുടെ നാവിൽ നിന്നുയരുന്ന തൽബിയത്തിന്റെ അലയൊലികൾക്ക് കൂടുതൽ ഊർജ്ജമേകി ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ (വെള്ളി) തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർത്ഥാടക ലക്ഷങ്ങൾ നാളെ മിനായിൽ സംഗമിക്കുന്നതോടെയാണ് ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് പ്രാരംഭമാകുക.
യൗമു തർവ്വിയതിന്റെ ദിനമായ നാളെ പകലും രാത്രിയും മിനായിൽ തങ്ങുന്ന ഹാജിമാർ പിറ്റേ ദിവസം നടക്കുന്ന അറഫാ സംഗമത്തിന് മനസും ശരീരവും പാകപ്പെടുത്തി പൂർണ്ണ സജ്ജരാകും. ശനിയാഴ്ചയാണ് ഹജ്ജിന്റെ ഏറ്റവും പരമ പ്രധാന ചടങ്ങായ അറഫ സംഗമം.
അഷ്ടദിക്കുകളിൽ നിന്നെത്തിയ ഇരുപത് ലക്ഷത്തിലധികം ഹാജിമാരെ വരവേൽക്കാൻ തമ്പുകളുടെ നഗരിയായ മിന താഴ്‌വാരം പൂർണ്ണ സജ്ജമായി കഴിഞ്ഞു. തിരക്ക് കണക്കിലെടുത്തു ഇന്ന് ഉച്ചയോടെ തന്നെ മക്കയിൽ നിന്നും കൂടാര നഗരിയായ മിനയെ ലക്ഷ്യമാക്കി ശുഭ്രവസ്‌ത്രധാരികളായ തീർത്ഥാടക പ്രവാഹം തുടങ്ങും. മിനയിലേക്കുള്ള പാതകളെല്ലാം പാൽകടൽ പോലെ ഹാജിമാരെ കൊണ്ട് നിറഞ്ഞൊഴുകും. തൂവെള്ള കടൽ ചാലിച്ച് മിനായിലെത്തുന്ന ഹാജിമാർ പ്രാർത്ഥനകളിലും ആരാധനാ കർമ്മങ്ങളിലും മുഴുകും. ഇലാഹീ ചിന്തയിൽ കണ്ണുനീർ ചാലിച്ച് ദിക്‌റുകളിലും തസ്ബീഹുകളിലും മുഴുകുന്ന ഹാജിമാർ ശനിയാഴ്ച സുബ്ഹ് നിസ്‌കാരത്തോടെ ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫാ സംഗമം ലക്ഷ്യമാക്കി അറഫാത് മൈതാനത്തേക്കുള്ള പ്രയാണമാരംഭിക്കും.
ശനിയാഴ്ച ദുഹ്ർ നിസ്കാരത്തോടെയാണ് അറഫാ സംഗമം ആരംഭിക്കുക. അകം നൊന്ത പ്രാർത്ഥനയുമായി ഭൗതിക ചിന്തകൾ പാടെ മറന്ന് ഏക ഇലാഹീ ചിന്തയിൽ മുഴുകി മുഴുവൻ കാര്യങ്ങളും അല്ലാഹുവിൽ അർപ്പിച്ച് അറഫാത്തിൽ തങ്ങുന്ന തീർത്ഥാടകർ സൂര്യാസ്തമനത്തോടെ മുസ്‌ദലിഫയിലേക്ക് തിരിക്കും. ഇന്ത്യൻ ഹാജിമാർ ഇന്ന് വൈകീട്ടോടെ തന്നെ മിനായിലേക്ക് പ്രയാണം ആരംഭിക്കും. ഇവർക്കുള്ള നിർദേശങ്ങൾ ഹജ്ജ് മിഷൻ നൽകിക്കഴിഞ്ഞു. നാളെ പുലർച്ചെയോടെ തന്നെ മുഴുവൻ ഇന്ത്യൻ ഹാജിമാരും മിനായിൽ എത്തിച്ചേരുന്ന വിധമാണ് സജ്ജീകരണം. മിനയിൽ ഇന്ത്യൻ ഹജ്ജ് മിഷനും അനുബന്ധ കേന്ദ്രങ്ങളും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ഓരോ ക്യാംപിനടുത്തും തിരിച്ചറിയുന്നതിനു പ്രത്യേകം അടയാളവും ചെയ്‌തിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ 1,40,020 ഹാജിമാർക്ക് മിനയുടെ പരമ്പരാഗത അതിർത്തിക്കുള്ളിൽ ഇത്തവണ സൗകര്യം ലഭിച്ചിട്ടുണ്ട്. ആദ്യമയാണ് ഇത്രയധികം ഹാജിമാർക്ക് ഈ സൗകര്യം ഒരുങ്ങുന്നതെന്ന് ഹജ്ജ് മിഷൻ അറിയിച്ചു. ഇവർക്ക് ഏറ്റവും മുന്തിയ ഭക്ഷണം ലഭ്യമാകുമെന്നും ഹജ്ജ് മിഷൻ പത്രകുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."