കുവൈത്ത് ദുരന്തം: ഒരു പ്രവാസിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: നിരവധി മരണങ്ങൾക്ക് കാരണമായ കുവൈത്ത് തീപിടുത്തത്തിൽ രണ്ടു പേർ അറസ്റ്റിൽ. പ്രദേശിക മാധ്യമമായ അറബ് ടൈംസാണ് സുരക്ഷാവീഴ്ച ആരോപിച്ച് രണ്ട് പേരെ അറസ്സ് ചെയ്തതായി റിപ്പോർട്ട് ചെയ്തത്. അറസ്റ്റിലായവരിൽ ഒരാൾ പ്രവാസിയും മറ്റൊരാൾ കുവൈത്ത് പൗരനുമാണ്. അറസ്റ്റിലായ പ്രവാസി, മലയാളി ആണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
നരഹത്യ, അശ്രദ്ധ മൂലം അപകടമുണ്ടാക്കി എന്നീ കുറ്റങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. ഷോർട്ട് സർക്യൂട്ടാണ് കെട്ടിടത്തിന് തീപിടുക്കാൻ കാരണം എന്ന് നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജനറൽ ഫയർഫോഴ്‌സ് വിഭാഗമാണ് പരിശോധന നടത്തിയത്. സാക്ഷികളിൽ നിന്നുള്ള വിവരശേഖരണം കഴിഞ്ഞദിവസം പൂർത്തിയാക്കിയതായും അന്വേഷണ സംഘം അറിയിച്ചു. താഴത്തെ നിലയിലെ ഗാർഡ് റൂമിലാണ് ആദ്യം തീപിടിത്തമുണ്ടായത്.
അതേസമയം, മരിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 10.30 ഓടെ വിമാനം കൊച്ചിയിലെത്തും. മലയാളികളുടെ മൃതദേഹം കൊച്ചിയിൽ ഇറക്കിയ ശേഷം ഡൽഹിയിലേക്ക് പുറപ്പെടും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ വിമാനത്താവളത്തിൽ ഏറ്റുവാങ്ങും. ഇതിനായി മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ചു.
കൊച്ചിയിൽ 31 മൃതദേഹങ്ങളാണ് ഇറക്കുക. 23 മലയാളികളും 7 തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് വിമാനത്തിലുള്ളത്. ബിഹാർ സ്വദേശിയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാവാത്തതിനാൽ പിന്നീട് എത്തിക്കും.
ബുധൻ പുലർച്ചെയാണ് മംഗഫിലെ ലേബർ ക്യാംപിൽ തീപിടിത്തമുണ്ടായത്. മലയാളികളുടെ കീഴിലുള്ള എൻ.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റാണിത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് തുടക്കത്തിൽ മരിച്ചത്. 40 പേർ അഞ്ച് ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്. 160 ഓളം ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്. അപകടത്തിൽ പൊള്ളലേറ്റും ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരുമാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."