കോട്ടയത്തിന് നൊമ്പരമായി ഷിബുവും ശ്രീഹരിയും സ്റ്റെഫിനും
ചങ്ങനാശേരി/പാമ്പാടി: ദുരന്തത്തില്‍ കോട്ടയത്തിന് നൊമ്പരമായി ചങ്ങനാശേരി സ്വദേശികളായ ഷിബു വര്‍ഗീസും ശ്രീഹരിയും പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാമും. പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38), ഇത്തിത്താനം കിഴക്കേടത്ത് പി. ശ്രീഹരി (27) എന്നിവരുടെ മരണം ഇന്നലെയാണ് സ്ഥിരീകരിച്ചത്. സ്റ്റെഫിന്റേത് ബുധനാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു.
ഷിബുവിന്റെ പാലത്തിങ്കല്‍ കുടുംബത്തിനിത് ഇരട്ട ദുഖമായി. ഷിബുവിനോടൊപ്പം എന്‍.ബി.ടി.സി കമ്പനിയില്‍ ജോലിചെയ്തിരുന്ന മാതൃ സഹോദരന്‍ മാത്യു തോമസും അപകടത്തില്‍ മരിച്ചു. മാത്യു 10 വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഷിബുവിനോടൊപ്പമായിരുന്നു താമസവും.
ഷിബു ഇതേ കമ്പനിയില്‍ അക്കൗണ്ടന്റും സഹോദരന്‍ ഷിജു ചീഫ് അക്കൗണ്ടന്റുമാണ്. ഷിജു കുടുംബസമേതം അപകടം നടന്ന ഫാളാറ്റിന് സമീപത്തേക്ക് താമസം മാറിയതിനാല്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടു. ഷിജുവാണ് ഇന്നലെ രാവിലെയോടെ മരണവിവരം വീട്ടില്‍ വിളിച്ചറിയിച്ചത്. വിവരം അറിഞ്ഞതിനു പിന്നാലെ മുന്നുവയസ് മാത്രം പ്രായമുള്ള ഏകമകന്‍ ഐഡനെയും കെട്ടിപ്പിടിച്ചു കരയുന്ന ഷിബുവിന്റെ ഭാര്യ റോസി തോമസിനെ (റിയ) ആശ്വസിപ്പിക്കാന്‍ കഴിയാതെ വിങ്ങിപ്പൊട്ടുകയാണ് കുടുംബം.
അപകടം നടന്ന രാത്രി തന്നെ കുടുംബാംഗങ്ങള്‍ക്ക് സൂചന ലഭിച്ചെങ്കിലും റിയയെ അറിയിച്ചിരുന്നില്ല. ഇന്നലെ ഉച്ചയോടെ പതിവില്ലാതെ സമീപവാസികളും ബന്ധുക്കളും വീട്ടിലേക്കെത്തിയതോടെ റിയയെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ നാട്ടിലെത്തുമെന്ന് ഭാര്യക്കും മകനും കഴിഞ്ഞ ദിവസം ഉറപ്പുകൊടുത്ത ഷിബു ഇനി ഈ വീട്ടിലേക്ക് ജീവനോടെ എത്തില്ലെന്ന യാഥാര്‍ഥ്യത്തിന്റെ നോവിലാണ് എല്ലാവരും.
ഒരാഴ്ച മുമ്പ് മാത്രമാണ് ഇത്തിത്താനത്തുനിന്ന് ശ്രീഹരി കുവൈത്തിലേക്ക് ജോലി തേടി യാത്രയായത്. പിതാവ് പ്രദീപ് വര്‍ഷങ്ങളായി കുവൈത്തിലാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശ്രീഹരിക്ക് തന്റെ ജോലി സ്ഥലത്തോട് ചേര്‍ന്ന് തന്നെ പിതാവ് ജോലി ശരിയാക്കുകയായിരുന്നു. താന്‍ താമസിക്കുന്ന ഫഌറ്റിന് സമീപമുള്ള ഫ്‌ലാറ്റില്‍ താമസ സൗകര്യവും ഒരുക്കി. ബുധനാഴ്ച രാവിലെ ശ്രീഹരി താമസിക്കുന്ന ഫഌറ്റില്‍ തീപിടിത്തം ഉണ്ടായത് അറിഞ്ഞ് പ്രദീപ് സ്ഥലത്തെത്തി. വ്യാഴാഴ്ച പുലര്‍ച്ചയോടെ ആശുപത്രി മോര്‍ച്ചറിയില്‍ മകന്റെ മൃതദേഹം പിതാവ് തിരിച്ചറിയുകയായിരുന്നു. കൈയിലെ ടാറ്റു കണ്ടാണ് ശ്രീഹരിയെ പ്രദീപ് തിരിച്ചറിഞ്ഞത്. പ്രദീപിന്റെ മൂന്ന് മക്കളില്‍ രണ്ടാമനാണ് ശ്രീഹരി. ആദ്യ ശമ്പളം കൊണ്ട് മകന്‍ വാങ്ങിത്തരുന്ന സമ്മാനവും കാത്തിരിക്കുന്ന അമ്മയ്ക്ക് മുന്നിലേക്ക് ആ ചേതനയറ്റ ശരീരം എത്തുമ്പോള്‍ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയാതെ കുഴങ്ങുകയാണ് ഉറ്റവര്‍.
അര്‍ബുദ രോഗിയായ അച്ഛന്‍ സാബുവിന്റെ കൈപിടിച്ച് പുത്തന്‍ വീട്ടിലേക്ക് താമസം മാറണം എന്ന ആഗ്രഹം ബാക്കിവച്ചാണ് സ്റ്റെഫിന്റെ യാത്ര. ആറു കൊല്ലം മുമ്പാണ് സ്റ്റെഫിന്‍ എബ്രഹാം സാബു കുവൈത്തിലേക്ക് ജോലിക്ക് പോയത്. ഇക്കാലമത്രയും ജോലിചെയ്ത് സമ്പാദിച്ചുണ്ടാക്കിയ പണം കൊണ്ട് പാമ്പാടിയില്‍ പുതിയ വീടിന്റെ നിര്‍മാണം തുടങ്ങി. ഒരുമാസം മാത്രമാണ് പണികള്‍ തീരാന്‍ ഇനി ബാക്കിയുള്ളത്. വാടക വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്ന ആവേശത്തിലായിരുന്നു സ്റ്റെഫിനും കുടുംബവും. പക്ഷേ പുതിയ വീട്ടില്‍ ജീവിതം ആഘോഷമാക്കാന്‍ കൊതിച്ച ആ കുടുംബത്തിന് മുന്നിലേക്ക് ചേതനയറ്റ മകന്റെ ശരീരമാകും എത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."